Quantcast

കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? അധിക്ഷേപത്തിലുറച്ച് നൃത്താധ്യാപിക സത്യഭാമ

ഒരാളെയും അധിക്ഷേപിച്ച് യൂട്യൂബ് ചാനലിൽ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും സത്യഭാമ

MediaOne Logo

Web Desk

  • Updated:

    2024-03-21 07:52:33.0

Published:

21 March 2024 7:41 AM GMT

kalamandalam sathyabhama
X

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നൃത്താധ്യാപിക സത്യഭാമ. ഒരാളെയും അധിക്ഷേപിച്ച് യൂട്യൂബ് ചാനലിൽ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയ അവര്‍ കലാ മേഖലയിൽ നിന്ന് പലരും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും പറഞ്ഞു.


‘‘മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോൾ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവർ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാർ വന്നാലും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.



കറുത്ത ആൾക്കാർ കളിക്കാൻ പാടില്ലെന്നില്ല. അതു പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. ആൺകുട്ടികളാണെങ്കിൽ എന്റെ അഭിപ്രായത്തിൽ കുറച്ചു സൗന്ദര്യം വേണം. ഞാൻ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ എടുത്തു കൊണ്ടു വാ’’ സത്യഭാമ പറഞ്ഞു. ‘‘കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കും എന്നാൽ മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവർ മാർക്കിടില്ല എന്നു പറയും’’ സത്യഭാമ കൂട്ടിച്ചേര്‍ത്തു.



അതേസമയം കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ആര്‍എല്‍വി കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ആര്‍ രാജലക്ഷ്മി മീഡിയവണിനോട് പറഞ്ഞു. കല പഠിപ്പിക്കാനുള്ള യോഗ്യത സത്യഭാമയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണെന്നും സത്യഭാമ ഇൻസ്റ്റിറ്റ്യൂഷൻ നടത്തുന്നുണ്ടെങ്കിൽ അതിന്‍റെ ലൈസൻസ് റദ്ദാക്കണമെന്നും രാജലക്ഷ്മി ആവശ്യപ്പെട്ടു.


ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആര്‍എല്‍വി രാമകൃഷണന്‍ പ്രതികരിച്ചു.

TAGS :

Next Story