Quantcast

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ

കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-01 06:15:14.0

Published:

1 Aug 2022 6:11 AM GMT

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ
X

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് 6 വർഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയൻറവിട നസീറിന് 1,75000 രൂപ പിഴയും സാബിറിന് 1.75000 രൂപയും താജുദ്ദീന് 1, 10000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

വിചാരണ പൂ‍ർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. എൻ.ഐ.എ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവിലെ റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് സൂചന. അബ്ദുല്‍ നാസർ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ കേസില്‍ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടൻ ആരംഭിക്കും.

2005 സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. 2010 ഡിസംബറിലാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.

TAGS :

Next Story