പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി
ബുധനാഴ്ച രാത്രിയാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിൽ പ്ലസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് കല്ലേക്കാട് ആർഎസ്എസ് നിയന്ത്രണണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലെ വിദ്യാർത്ഥിയുടെ മരണത്തിൽ വ്യാപക പ്രതിഷേധം. സ്കൂളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രുദ്ര രാജേഷ് എന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി.
കഴിഞ്ഞ ദിവസം രാത്രിയാണ് + 1 വിദ്യാർത്ഥിനിയായ രുദ്ര രാജേഷിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്ന് രുദ്ര ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സ്കൂൾ അധികൃതർക്ക് എതിരെ നടപടി ആവശ്യപെട്ട് കോൺഗ്രസ് പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ സമരം ഉദ്ഘാടനം ചെയ്തു.
രുദ്രയുടെ ദുരൂഹമരണത്തിൽ സിഡബ്ലൂസി റിപ്പോർട്ട് തേടി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി . പൊലീസിനോടും റിപ്പോർട്ട് നൽകാൻ ആവശ്യപെട്ടിട്ടുണ്ട്. രുദ്രയുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് വിശദമായ മൊഴി രേഖപെടുത്തും.
Adjust Story Font
16

