Quantcast

കലൂർ സ്റ്റേഡിയം നവീകരണത്തിന് നൽകിയത് ഒപ്പുവെച്ച കരാറില്ലാതെ; വൻ ക്രമക്കേട്

ഒക്ടോബർ ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം ത്രികക്ഷി കരാറാണ് തീരുമാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-30 07:19:13.0

Published:

30 Oct 2025 8:16 AM IST

കലൂർ സ്റ്റേഡിയം നവീകരണത്തിന് നൽകിയത് ഒപ്പുവെച്ച കരാറില്ലാതെ; വൻ ക്രമക്കേട്
X

 Photo| Google

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറുമായി ഒപ്പുവെച്ച കരാറില്ല. ത്രികക്ഷ കരാറുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചെങ്കിലും കരാർ ഇതുവരെ പ്രാവർത്തികമായില്ല. സ്പോണ്‍സർക്ക് സ്റ്റേഡിയത്തില്‍ അവകാശം നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തന്നെ തള്ളിയിരുന്നു.

അർജന്‍റീനയുടെ മത്സരത്തിനായി കലൂർ സ്റ്റേഡിയം നവീകരിക്കുന്നത് സംബന്ധിച്ച ചർച്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് നടന്നത്. ഒക്ടോബർ ഏഴിന് നടന്ന ഈ യോഗത്തില്‍ നവീകരണ ചുമതല ജിസിഡിഎക്കും സ്പോർട്സ് കേരള ഫൗണ്ടേഷനും സ്പോണ്‍സർക്കുമായി നല്‍കി.

മൂന്നു കൂട്ടരുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ടെക്നിക്കല്‍ കോർഡിനേഷന്‍ കമ്മിറ്റി നവീകരണ പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ധാരണയായി. ഇതിനായി ത്രികക്ഷി കരാറുണ്ടാക്കാനും തീരുമാനിച്ചു. കരാറിന്‍റെ കരട് തയ്യാറാക്കി ജിസിഡിഎ നിയമവകുപ്പിന് കൈമാറിയതല്ലാതെ തുടർനടപടികളുണ്ടായില്ല.

ഫലത്തില്‍ കരാറില്ലാതെയാണ് സ്പോണ്‍സർ കലൂർ സ്റ്റേഡിയം നവീകരിക്കുന്നത്. മത്സരം നടത്തുന്നതിന് പുറമേയുള്ള അവകാശങ്ങള്‍ വേണമെന്ന് സ്പോണ്‍സർ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇത് അനുവദിച്ചില്ല. ഒക്ടോബർ 17ലെ മത്സരം കഴിയുന്ന മുറക്ക് സ്റ്റേഡിയത്തില്‍ സ്പോണ്‍സർക്ക് അവകാശങ്ങളില്ലാതാകുമെന്ന് മുഖ്യമന്ത്രി തീർത്ത് പറഞ്ഞു.

മത്സര സ്വഭാവത്തിലുള്ള ടെന്‍ഡറില്ലാതെ കോടികളുടെ വരുമാന സാധ്യതയുള്ള മത്സര നടത്തിപ്പ് ആന്‍റോ അഗസ്റ്റിനെന്ന സ്പോണ്‍സർക്ക് കൈമാറിയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയ സംഭവത്തില്‍ സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.



വിവാദമുയർന്ന പശ്ചാത്തലത്തില്‍ നവംബർ 30നകം സ്റ്റേഡിയം നവീകരിച്ച് കൈമാറണമെന്ന് ജിസിഡിഎ സ്പോണ്‍സർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. അതിനിടെ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കടന്നുവെന്ന് കാട്ടി ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു.

TAGS :

Next Story