അർജന്‍റീന മത്സരം; സ്പോണ്‍സർക്ക് കൈമാറിയ കലൂർ സ്റ്റേഡിയം ഇന്ന് ജിസിഡിഎക്ക് തിരിച്ചേല്‍പിക്കും
ഒപ്പിട്ട കരാറില്ലാതെയാണ് സ്റ്റേഡിയം സ്പോണ്‍സർ ആന്‍റോ അഗസ്റ്റിന് കൈമാറിയിരുന്നത്

കൊച്ചി: അർജന്‍റീന മത്സരത്തിന്‍റെ പേരില്‍ സ്വകാര്യ സ്പോണ്‍സർക്ക് കൈമാറിയ കലൂർ സ്റ്റേഡിയം ഇന്ന് ജിസിഡിഎയെ തിരിച്ചേല്‍പ്പിക്കും. നവംബർ 30നകം തീർക്കുമെന്ന് കരാർ ചെയ്ത സ്റ്റേഡിയത്തിലെ നവീകരണ ജോലികളെല്ലാം പാതിവഴിയിലാണ്. ഫലത്തില്‍ മത്സരങ്ങള്‍ക്കൊന്നും ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ് സ്പോണ്‍സർ സ്റ്റേഡിയം തിരിച്ചേല്‍പിക്കുന്നത്.
സ്പോണ്‍സറുടെ ഈ വാക്കുകളൊന്നും പാലിക്കപ്പെട്ടില്ല. അർജന്‍റീന ടീം വരില്ലെന്ന് വ്യക്തമായതോടെ നവീകരണ ജോലികള്‍ സാവധാനത്തിലാക്കി സ്റ്റേഡിയം കയ്യൊഴിയാനാണ് സ്പോണ്‍സർ ശ്രമിച്ചത്. ചുറ്റുമതില്‍ , പാർക്കിങ് ഏരിയ , കവാടം, കാന , സ്റ്റേഡിയത്തിനകത്തെ ടണല്‍ , ഫ്ലഡ് ലൈറ്റ്, പെയിന്‍റിങ് തുടങ്ങിയവയെല്ലാം പൂർത്തിയാകാതെ കിടക്കുന്നു. സീറ്റിങ് ജോലികള്‍ 70 ശതമാനം മാത്രമാണ് പൂർത്തിയാത്. മേല്‍ക്കൂര നവീകരണ ജോലികളും പാതിവഴിയിലാണ്.
സ്റ്റേഡിയം സ്പോണ്‍സർക്ക് കൈവശം വെക്കാവുന്ന കാലപരിധി നാളെയാണ് അവസാനിക്കുന്നത്. ഇന്ന് തന്നെ സ്റ്റേഡിയം തിരിച്ചേല്‍പിക്കുമെന്ന് സ്പോണ്‍സർ ജിസിഡിഎയെ അറിയിച്ചിട്ടുണ്ട്. പൂർത്തിയാകാത്ത നവീകരണ ജോലികള്‍ തീർക്കാന്‍ സ്പോണ്‍സർക്ക് സമയം അനുവദിക്കാനാണ് ജിസിഡിഎയുടെ തീരുമാനം.
ഇക്കാര്യത്തില്‍ ജിസിഡിഎയുടെ നിർദേശങ്ങള്‍ സ്പോണ്‍സർ എത്രത്തോളം പാലിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്റ്റേഡിയം കൈമാറുമ്പോള്‍ നിയമപ്രാബല്യമുള്ള കരാർ ഉണ്ടാക്കാതിരുന്നത് സ്പോണ്‍സർക്ക് അനുകൂലമായി മാറും. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ദീർഘകാലത്തേക്ക് മത്സരങ്ങളൊന്നും നടത്താനാകാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
Adjust Story Font
16

