Quantcast

1938ൽ വില ഒരണ; 87 വർഷങ്ങൾക്ക് ശേഷം ബഷീർ സമ്പൂർണ കൃതികളിലേക്ക് 'കമാൽ'

1938ൽ പ്രസിദ്ധീകരിച്ച കമാലിന്റെ പ്രസാധകൻ എ.എൻ ശിവരാമൻ നായരാണ്

MediaOne Logo

നബിൽ ഐ.വി

  • Updated:

    2025-06-30 10:59:29.0

Published:

30 Jun 2025 11:07 AM IST

1938ൽ വില ഒരണ; 87 വർഷങ്ങൾക്ക് ശേഷം ബഷീർ സമ്പൂർണ കൃതികളിലേക്ക് കമാൽ
X

ബഷീർ സമ്പൂർണ്ണ കൃതികളിൽ ഉൾപ്പെടാത്ത ഒരു പുസ്തകം. 1938ൽ എറണാകുളം സിറിയൻ പ്രസ്സിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകം. നീണ്ട 87 വർങ്ങൾക്ക് ശേഷമാണ് ബഷീറിന്റെ 'കമാൽ' പുസ്തക രൂപത്തിൽ പുറത്തിറങ്ങാൻ പോകുന്നത്.

ഹോമിയോപതി ഡോക്ടറും വിദ്യാഭ്യാസ വകുപ്പിൽ സേവനമനുഷ്ടിക്കുകയും ചെയ്ത തിരുവനന്തപുരം കാരക്കാമണ്ഡപം സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദറിന്റെ ലൈബ്രറിയിലാണ് 87 വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച 'കമാൽ' എന്ന പുസ്തകം ഇന്നുള്ളത്. അബ്ദുൽ ഖാദർ മുൻകൈയ്യെടുത്ത് ഒരു ലൈബ്രറി തുടങ്ങുകയും തുടർന്ന് അദ്ദേഹം സ്വന്തമായി ഒരു പുസ്തക ശേഖരം ആരംഭിക്കുകയുമായിരുന്നു.

മുഹമ്മദ് അബ്ദുൽ ഖാദർ


90കളിൽ പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങളും പഴയകാല ലിപിയിൽ എഴുതിയ പുസ്തകങ്ങളും അബ്ദുൽ ഖാദറിന്റെ ലൈബ്രറിയിൽ ഉണ്ടെന്ന് അബ്ദുൽ ഖാദറിന്റെ മകനും ശാന്തിവിള ന്യൂ യുപി സ്കൂൾ അധ്യാപകനുമായ ആരിഫ്. എം പറഞ്ഞു. കഥയും കവിതയും ഫിലോസഫിയും വൈജ്ഞാനിക സാഹിത്യവും നിരൂപണവുമടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി 5000ത്തോളം പുസ്തകങ്ങളാണ് ഇദ്ദേഹത്തിന്റെ ലൈബ്രറിയിലുള്ളത്. ഈ 5000 പുസ്തകങ്ങളുടെ കൂട്ടത്തിലായിരുന്നു ബഷീറിന്റെ 'കമാൽ' ഉണ്ടായിരുന്നത്. പുസ്തകം വാങ്ങി വായന പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം നമ്പരിട്ട് തന്റെ ലൈബ്രറി രജിസ്റ്ററില്‍ ചേര്‍ത്ത് അലമാരയില്‍ സൂക്ഷിക്കുക.


അബ്ദുൽ ഖാദറിന്റെ 'ഹോമിയോപ്പതിയും ബാലചികിത്സയും', 'പുഷ്പ ചികിത്സ' തുടങ്ങിയ പുസ്തകങ്ങൾ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമെ 'അബുല്‍ ഹസന്‍ അലി നദ്‌വി'യുടെ റിലീജിയന്‍ ആന്‍ഡ് സിവിലൈസേഷന്‍ എന്ന കൃതി 'മതവും നാഗരികതയും എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.




അറബി-മലയാളം പുസ്തക ശേഖരങ്ങൾ, സ്വാതന്ത്ര്യ സമരകാലത്തും 1950കളിലും പുറത്തിറങ്ങിയ മാസികകൾ, ഓണപതിപ്പുകൾ തുടങ്ങിയവയുടെ ശേഖരങ്ങൾ അദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ട്. 2021 നവംബര്‍ 21ന് മുഹമ്മദ് അബ്ദുൽ ഖാദർ അന്തരിച്ചു. അബ്ദുൽ കാദറിന്റെ പിതാവ് 1925 മുതൽ ഡയറി എഴുതുന്ന വ്യക്തിയായിരുന്നു. അന്നു മുതലുള്ള അദ്ദേഹത്തിന്റെ ഡയറിയുടെ ശേഖരവും ലൈബ്രറിയിൽ കാണാൻ സാധിക്കുമെന്ന് ആരിഫ്. എം പറഞ്ഞു.

ആരിഫ്. എം

മുഹമ്മദ് അബ്ദുൽ ഖാദറിന്റെ വീട്ടിലെത്തിയ മാങ്ങാട് അബ്ദു റഹ്മാൻ മാസ്റ്ററാണ്‌ 'കമാൽ' ബഷീർ സമ്പൂർണ്ണ കൃതികളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിയുന്നതും പുസ്തകം പുറത്തിറക്കാൻ മുൻകൈ എടുക്കുന്നതുമെന്നും ആരിഫ്. എം കൂട്ടിച്ചേർത്തു.

ആധുനിക തുർക്കിയുടെ ശിൽപിയും ആദ്യത്തെ രാഷ്ട്രപതിയുമായ മുസ്തഫ കമാൽ അത്താതുർക്കിനെക്കുറിച്ചാണ് കമാൽ എന്ന പുസ്തകത്തിൽ ബഷീർ പറയുന്നത്. നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് കമാല്‍ അത്താതുര്‍ക്കായിരുന്നു തുര്‍ക്കിയെ ആധുനികവത്കരിച്ചത്. 1938ൽ പ്രസിദ്ധീകരിച്ച കമാലിന്റെ പ്രസാധകൻ എ.എൻ ശിവരാമൻ നായരാണ്. ഒരണയായിരുന്നു പുസ്തകത്തിന്റെ അന്നത്തെ വില.




TAGS :

Next Story