'ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി'; കണ്ണൂർ കോർപറേഷനിലെ കെട്ടിടനമ്പർ തട്ടിപ്പിൽ അന്വേഷണത്തിന് നിർദേശം
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇത് പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മേയർ അറിയിച്ചു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയതായി മേയർ അഡ്വ. പി. ഇന്ദിര. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇത് പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. കുറ്റക്കാർ എത്ര വലിയ ഉദ്യോഗസ്ഥരായാലും അവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
കെട്ടിട നമ്പർ അനുവദിക്കുന്നതിന് ആവശ്യമായ രേഖകളും സ്ഥലവും പരിശോധിക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് കോർപ്പറേഷന്റെ പ്രാഥമിക കണ്ടെത്തൽ. കൃത്യമായ പരിശോധന നടത്താതെയാണ് കെട്ടിട നമ്പർ നൽകിയിട്ടുള്ളത്. വ്യാജരേഖ ചമച്ചാണ് കെട്ടിടത്തിന് നമ്പർ വാങ്ങിയിട്ടുള്ളത് എന്നും വ്യക്തമായിട്ടുണ്ട്. തട്ടിപ്പിൽ കെട്ടിട ഉടമയ്ക്കൊപ്പം ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്നതടക്കം അന്വേഷണ സമിതി പരിശോധിക്കും. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
മേയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനോടകം കെട്ടിട ഉടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഹോട്ടൽ തുടങ്ങാനുള്ള അനുമതി രേഖകൾ പരിശോധിച്ചപ്പോഴാണ് മുൻകാല അനുമതികളെല്ലാം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന് കെ-സ്മാർട്ട് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയർ പൊലീസിൽ പരാതി നൽകിയതും തുടർനടപടികൾ ആരംഭിച്ചതും. കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള സമഗ്ര അന്വേഷണത്തിന് ശേഷം കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16

