കണ്ണൂരില്‍ കുഞ്ഞുമായി യുവതി ജീവനൊടുക്കിയ കേസ്; ഭർത്താവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി
റീമയുടെ ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവരെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂർ വയലപ്ര സ്വദേശി റീമ മൂന്ന് വയസുള്ള മകനുമായി പുഴയിൽ ചാടി മരിച്ച കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. റീമയുടെ ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവരെ പ്രതിചേർത്തു. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് റീമയുടെ കുടുംബത്തിന്‍റെ ആരോപണം.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയിൽ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് ദിവസത്തിന് ശേഷമാണ് മകന്‍റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതൽ റീമയും ഭർതൃ വീട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് റീമയുടെ ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടര്‍ പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.
Adjust Story Font
16

