Quantcast

'പ്രതിസന്ധികളെ നേരിടാന്‍ നേതൃത്വം നൽകിയ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം' അഭിനന്ദനവുമായി കാന്തപുരം

ചരിത്ര വിജയം നേടിയ ഇടതുപക്ഷത്തിന് അഭിനന്ദനവുമായി കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍.

MediaOne Logo

Web Desk

  • Published:

    2 May 2021 12:41 PM GMT

പ്രതിസന്ധികളെ നേരിടാന്‍ നേതൃത്വം നൽകിയ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം അഭിനന്ദനവുമായി കാന്തപുരം
X

ചരിത്ര വിജയം നേടിയ ഇടതുപക്ഷത്തിന് അഭിനന്ദനവുമായി കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍. പലതരം പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ അഞ്ചുവർഷക്കാലത്ത് ജനങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങളും ലഭ്യമാക്കാനും പ്രതിസന്ധികളെ നേരിടുന്നതിന് നേതൃത്വം നൽകുകയും ചെയ്ത സര്‍ക്കാരിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കാന്തപുരം അഭിനന്ദനങ്ങള്‍ അറിയിച്ചത്.

പൗരത്വവിഷയത്തിൽ പ്രശ്‌നത്തെ ഭരണഘടനാപരമായി സമീപിക്കുകയും, അത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; മറിച്ച്‌ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന വിഷയമാണ് എന്ന നിലയിൽ ബോധവത്കരണം നടത്താനും വലിയ പ്രതിഷേധങ്ങൾ നടത്താനും പിണറായി മുന്നിലുണ്ടായിരുന്നു. ഇന്ത്യയുടെ അടിത്തറ മതേരത്വമാണെന്നും, എല്ലാ മതവിശ്വാസികളെയും ഒരുപോലെ കണ്ടു പൗരന്മാർക്കിടയിൽ സമാനീതി പുലർത്താൻ ഭരണകൂടങ്ങൾക്ക് കഴിയണം. അത്തരത്തിലുള്ള സന്ദേശം നൽകാൻ സി.എ.എ സമരം നിമിത്തമായി. കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു .

പ്രളയവും കോവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വർഷക്കാലം, എല്ലാവർക്കും സഹായവും സാന്ത്വനവും നൽകുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. രണ്ടു തവണ പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും, ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങൾ നൽകിയും കൂടെനിന്ന സർക്കാറിന്റെ നിലപാടുകൾ ഓരോ മലയാളിയുടെയും ഹൃദയംതൊടുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത അഞ്ചുവർഷം കൂടി കേരളം ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്...

Posted by ‎Sheikh Abubakr Ahmad الشيخ أبوبكر أحمد‎ on Sunday, May 2, 2021

കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത അഞ്ചുവർഷം കൂടി കേരളം ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് സന്തോഷം നൽകുന്നു. പലതരം പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ അഞ്ചുവർഷക്കാലത്ത്, ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാടിനു പൊതു സാമൂഹികാംഗീകാരം കിട്ടിയിരുന്നല്ലോ.

പൗരത്വവിഷയത്തിൽ പ്രശ്‌നത്തെ ഭരണഘടനാപരമായി സമീപിക്കുകയും, അത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; മറിച്ച്‌ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന വിഷയമാണ് എന്ന നിലയിൽ ബോധവത്കരണം നടത്താനും വലിയ പ്രതിഷേധങ്ങൾ നടത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇന്ത്യയുടെ അടിത്തറ മതേരത്വമാണെന്നും, എല്ലാ മതവിശ്വാസികളെയും ഒരുപോലെ കണ്ടു പൗരന്മാർക്കിടയിൽ സമാനീതി പുലർത്താൻ ഭരണകൂടങ്ങൾക്ക് കഴിയണം. അത്തരത്തിലുള്ള സന്ദേശം നൽകാൻ സി എ എ വിരുദ്ധ സമരം നിമിത്തമായി. മലയാളികൾ ഒരുമിച്ചു നടത്തിയ ആ പ്രതിഷേധങ്ങൾ വിശ്വാസികൾക്ക് നൽകിയ പ്രതീക്ഷകൾ ചെറുതായിരുന്നില്ല. കണ്ണൂരും കോഴിക്കോടും എറണാകുളത്തും അടക്കം നിരവധി സ്ഥലങ്ങളിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങളിൽ സംസാരിക്കാനദ്ദേഹം ക്ഷണിച്ചപ്പോൾ നടന്ന സംഭാഷണങ്ങളിലും സർക്കാർ ആ വിഷയത്തിൽ സ്വീകരിച്ച കരുതലും കാവലും വ്യക്തമായിരുന്നു.

സമുദായവമുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങൾക്കും വേണ്ടി നേരിട്ടും ടെലഫോണിലൂടെയും സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയിൽ കാണുകയും, സമയംവൈകാതെ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാറിൻറെയും. പ്രളയവും കോവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വർഷക്കാലം, എല്ലാവർക്കും സഹായവും സാന്ത്വനവും നൽകുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. രണ്ടു തവണ പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും, ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങൾ നൽകിയും കൂടെനിന്ന സർക്കാറിന്റെ നിലപാടുകൾ ഓരോ മലയാളിയുടെയും ഹൃദയംതൊടുന്നതായിരുന്നു. മുസ്‌ലിംകളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാനൊക്കെ ഓരോ സമയവും ആവശ്യമായ കൂടിയാലോചനകൾ നടത്തുകയും സമുദായ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു. മദ്രസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിർമാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലേക്ക് മാറ്റിയത് എല്ലാം വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു. മറ്റു മതവിശ്വാസികളുമായി ബന്ധപ്പെട്ടും ഇത്തരം നിലപാട് തന്നെയാണ് കാണാൻ കഴിഞ്ഞതും.

മതേതരത്വ മൂല്യങ്ങൾ സമൂഹത്തിലേക്ക് ആഴത്തിൽ പടർത്തി, അടുത്ത അഞ്ചുവർഷങ്ങളിലും ഇതിനേക്കാൾ മികച്ച നിലയിൽ ഭരണം നടത്താൻ ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

TAGS :

Next Story