Quantcast

'ആദ്യ വിവാഹത്തില്‍ 16ൽ 18 പൊരുത്തമായിരുന്നു, ജാതകത്തിൽ; എന്നിട്ട് എവിടെപ്പോയി?'- കെ.ബി ഗണേഷ്‌കുമാർ

''മലബാറിലെ ഒരു അമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിനു തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. സ്റ്റേജിലിരിക്കെ അമ്പലത്തിൽനിന്നൊരു ഉണ്ണിയപ്പം കൊടുത്തു. ആ നല്ല മനുഷ്യൻ, പ്രവാചകന്റെ കുടുംബ പരമ്പരയിൽപെട്ട പാണക്കാട് തങ്ങൾ അതു രുചിയോടെ കഴിച്ചു.'

MediaOne Logo

Web Desk

  • Updated:

    2023-07-16 15:24:06.0

Published:

16 July 2023 3:19 PM GMT

KB Ganesh Kumar about Nilavilakku and horoscopes, KB Ganesh Kumar about Nilavilakku, KB Ganesh Kumar about horoscopes, KB Ganesh Kumar about Panakkad Sadiqali thangal, KB Ganesh Kumar
X

കെ.ബി ഗണേഷ് കുമാര്‍

കൊല്ലം: നിലവിളക്ക് ഹിന്ദുവിന്റേതാണെന്നത് മണ്ടൻ ധാരണയാണെന്ന് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. ഹിന്ദുവിന്റെ വിളക്ക് കൊളുത്തിയാൽ ക്രിസ്ത്യാനിയല്ലാതായിപ്പോകില്ല. ജാതകം നോക്കുന്നത് അന്ധവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വാർഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാർ.

നിലവിളക്ക് കൊളുത്തില്ലെന്നു പറഞ്ഞ ചെയർപേഴ്‌സനെ വേദിയിലിരുത്തിയായിരുന്നു ഗണേഷ്‌കുമാറിന്റെ വിമർശനം. 'നിലവിളക്ക് കൊളുത്തേണ്ടെന്നു പറയുന്നവർക്ക് എന്തോ കള്ളത്തരമുണ്ട്. ഒരുപാട് പള്ളീലച്ചന്മാരെ എനിക്കറിയാം. ഓർത്തഡോക്‌സ് സഭയുടെ എല്ലാ പള്ളികളിലും വിളക്ക് കത്തിക്കാറുണ്ട്. കൊടിമരം ഉയർത്താറുമുണ്ട്'-അദ്ദേഹം പറഞ്ഞു.

ഹിന്ദുവിന്റെ വിളക്ക് കൊളുത്തിയാൽ ക്രിസ്ത്യാനിയല്ലാതായിപ്പോകില്ല. യേശുവിനെ അറിയാനും പിന്തുടരാനും ശ്രമിക്കുന്നവരാണ് ക്രിസ്ത്യാനികൾ. യേശു ക്രിസ്തുമതം എന്നൊരു മതം സ്ഥാപിച്ചിട്ടില്ല. അദ്ദേഹം ജൂതനായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങൾ സി.ഡി.എസ് പ്രചരിപ്പിക്കരുത്. കുടുംബശ്രീ അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയാണെന്നും ഗണേഷ്‌കുമാർ ചൂണ്ടിക്കാട്ടി.

''മലബാറിലെ ഒരു അമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിനു തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. മനോഹരമായൊരു കാഴ്ചയാണത്. പരിപാടി കഴിഞ്ഞ് സ്റ്റേജിലിരിക്കെ അമ്പലത്തിൽനിന്നൊരു ഉണ്ണിയപ്പം കൊടുത്തു. ആ നല്ല മനുഷ്യൻ, നല്ല വ്യക്തി, മതേതരത്വത്തിൽ വിശ്വസിക്കുന്ന പരിപൂർണമായ ഇസ്‌ലാംമത വിശ്വാസി, പ്രവാചകന്റെ കുടുംബപരമ്പരയിൽപെട്ടവരാണ് പാണക്കാട് കുടുംബക്കാരും. അദ്ദേഹവും ആ ഉണ്ണിയപ്പം രുചിയോടെ കഴിച്ചു. ഹിന്ദുക്കളുടെ ഉണ്ണിയപ്പമാണ്, തിന്നേണ്ട, അല്ലാഹു പിണങ്ങുമോ എന്നൊന്നും ചിന്തിച്ചില്ല. അവിടെയാണ് അദ്ദേഹം മഹാനാകുന്നത്.''

ജ്യോത്സ്യന്മാരെ കണ്ട്, മന്ത്രവാദം കുറിച്ചുവാങ്ങുന്ന മണ്ടികളായി കുടുംബശ്രീക്കാർ മാറരുതെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ആദ്യത്തെ കല്യാണം ജാതകം നോക്കിയാണ് കഴിച്ചത്. എന്റെ അമ്മ നോക്കിയപ്പോൾ 18ൽ 16 അല്ല, 16ൽ 18 പൊരുത്തമായിരുന്നു. എന്നിട്ട് എവിടെപ്പോയി? രണ്ടാമതൊരു കല്യാണം കഴിച്ചു. ജാതകമേ നോക്കിയില്ല. ഒരു കുഴപ്പവുമില്ല. ഇതെല്ലാം അന്ധവിശ്വാസമാണ്. നിങ്ങൾ മാത്രമല്ല, നിങ്ങളുടെ മക്കളും അടുത്ത തലമുറയൊന്നും ഒരു അന്ധവിശ്വാസത്തിനും പിന്നാലെ പോകരുത്.'-ഗണേഷ്‌കുമാർ ആവശ്യപ്പെട്ടു.

Summary: KB Ganesh Kumar MLA said that it is a stupid idea that the Nilavilakku belongs to a Hindu. He said that looking at horoscopes is superstition.

TAGS :

Next Story