Quantcast

കെസിഎയുടെ ആദ്യ ഗ്രിഹ അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിർമാണോദ്ഘാടനം 25ന്

കെസിഎ ആദ്യമായി നിർമിക്കുന്ന ഗ്രീൻ റേറ്റിങ് ഫോർ ഇൻഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് (GRIHA) അംഗീകൃത സ്റ്റേഡിയം കൂടിയാണ് എഴുകോണിലേത്.

MediaOne Logo

Web Desk

  • Published:

    23 May 2025 6:22 PM IST

KCA Announces its first GRIHA-Certified Cricket Stadium Project in Kollam
X

കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കൊല്ലം എഴുകോണിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കർ വിസ്തൃതിയിൽ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം ഈ മാസം 25 ന് രാവിലെ 11ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. മന്ത്രി ജെ. ചിഞ്ചു റാണി, കൊടിക്കുന്നിൽ സുരേഷ് എംപി, കോവൂർ കുഞ്ഞുമോൻ എംഎൽഎ, കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്, കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ആദ്യഘട്ടത്തിൽ 21 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുക. കെസിഎ ആദ്യമായി നിർമിക്കുന്ന ഗ്രീൻ റേറ്റിങ് ഫോർ ഇൻഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് (GRIHA) അംഗീകൃത സ്റ്റേഡിയം കൂടിയാണ് എഴുകോണിലേത്. 2026 അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കും. കൊല്ലം ജില്ലയിലെ കായിക ഭൂപടത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന സ്റ്റേഡിയം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഭാവിയിൽ വേദിയാകും. 2015-16 കാലയളവിൽ കെസിഎ ഏറ്റെടുത്ത സ്ഥലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെയാണ്.

അഭ്യന്തര മത്സരങ്ങൾ നടത്താനുള്ള 150 മീറ്റർ വ്യാസമുള്ള ക്രിക്കറ്റ് ഗ്രൗണ്ട് കളിക്കാരുടെ ഡ്രസ്സിങ് റൂം ഉൾപ്പെടുന്ന ആധുനിക പവലിയൻ, ഓപ്പൺ എയർ ആംഫി തീയേറ്റർ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഗാലറി, മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്, ഔട്ട് ഡോർ നെറ്റ് പ്രാക്ടീസ് സൗകര്യം, ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇൻഡോർ പ്രാക്ടീസ് സംവിധാനം, മറ്റ് കായികയിനങ്ങൾക്കുള്ള സൗകര്യങ്ങൾ, അത്യാധുനിക ജിംനേഷ്യം, വിശാലമായ കാർ പാർക്കിങ് എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.

കെസിഎയുടെ പരിസ്ഥിതി സൗഹൃദ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിൽ മഴവെള്ള സംഭരണിയും ഒരുക്കും. കൂടാതെ, സ്റ്റേഡിയത്തിന് സമീപത്തുള്ള നീർചാലുകളുടെയും ചുറ്റുമുള്ള മരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയുള്ളതാണ് സ്റ്റേഡിയത്തിന്റെ നിർമാണ രീതി.

കേരളത്തിന്റെ കായികരംഗം മികവുറ്റതാക്കുന്നതിനും സുസ്ഥിര വികസനം യാഥാർഥ്യമാക്കുന്നതിനും കെസിഎ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഉത്തമ ഉദാഹരണമാണ് എഴുകോണിലെ സ്റ്റേഡിയമെന്നും കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. ഈ പദ്ധതിയിലൂടെ ജില്ലയിലെ കായിക മേഖലയുടെ ദീർഘകാല ആവശ്യം നിറവേറ്റുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണവും കെസിഎ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story