Quantcast

കേരള ബാങ്ക് എടിഎം തട്ടിപ്പ് പ്രതികള്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും നടത്തി

വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുണ്ടാക്കി പണം തട്ടിയെന്നാണ് സൈബര്‍ വിഭാഗം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    23 Aug 2021 3:59 AM GMT

കേരള ബാങ്ക് എടിഎം തട്ടിപ്പ് പ്രതികള്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും നടത്തി
X

കേരള ബാങ്ക് എടിഎം തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികള്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും നടത്തിയിരുന്നതായി കണ്ടെത്തല്‍. വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുണ്ടാക്കി പണം തട്ടിയെന്നാണ് സൈബര്‍ വിഭാഗം കണ്ടെത്തിയത്. പ്രതികളെ ചോദ്യംചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസും കേരള പൊലീസിനെ സമീപിച്ചിട്ടുണ്ട്.

കേരള ബാങ്ക് എടിഎം തട്ടിപ്പില്‍ അറസ്റ്റിലായ അബ്ദുല്‍ സമദാനി, മുഹമ്മദ് നജീബ്, മുഹമ്മദ് ന്യൂമാന്‍ എന്നിവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്തതിലാണ് പ്രതികള്‍ നടത്തിയ കൂടുതല്‍ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പിന് പുറമെ വ്യാജ ക്രഡിറ്റ് കാര്‍ഡുകളുണ്ടാക്കിയും സംഘം ലക്ഷങ്ങള്‍ തട്ടിയെന്നാണ് കണ്ടെത്തല്‍.

കേരള ബാങ്ക് എടിഎം തട്ടിപ്പ് കേസില്‍ ഒളിവിലുള്ള ഡല്‍ഹി സ്വദേശിയായ സൈബര്‍ വിദഗ്ധന്‍റെ സഹായത്തോടെയാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചതെന്നാണ് കരുതുന്നത്. വിദേശത്തുള്ളവരുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു ഇത്. രഹസ്യ പിന്‍ ഇല്ലാതെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമെന്ന പഴുത് മനസിലാക്കിയാണ് തട്ടിപ്പെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

കേരള ബാങ്ക് എടിഎം തട്ടിപ്പിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിലും സംഘം പണം കവര്‍ന്നെന്നാണ് സൂചന. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബിഹാര്‍, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികളെ ചോദ്യംചെയ്യാനാണ് നീക്കം.

TAGS :

Next Story