ത്യാഗ സ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു
അടിയുറച്ച വിശ്വാസത്തിന്‍റേയും അർപ്പണ ബോധത്തിന്‍റേയും ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം

കോഴിക്കോട്: പ്രവാചകൻ ഇബ്രാഹിം നബിയുടെ മഹാ ത്യാഗത്തിന്‍റെ സ്മരണയിൽ ഇന്ന് ബലി പെരുന്നാള്‍. പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടന്നു. നമസ്കാരത്തിന് പ്രമുഖർ നേതൃത്വം നൽകി. പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മാഈലിനെ ദൈവ കൽപന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗ സ്മരണയിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്.
അടിയുറച്ച വിശ്വാസത്തിന്‍റേയും അർപ്പണ ബോധത്തിന്‍റേയും ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിനായി വിശ്വാസികളെത്തി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് നമസ്കാരങ്ങൾക്ക് പാളയം ഇമാം ഡോക്ടർ വി.പി സുഹൈബ് മൗലവി നേതൃത്വം നൽകി. പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി നൽകിയ സൈന്യത്തിന് ആദരമർപ്പിച്ചും ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് പിന്തുണ നൽകിയുമായിരുന്നു പ്രമുഖരുടെ പെരുന്നാള്‍ സന്ദേശം.
കോഴിക്കോട് വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടന്നു. പാളയം മൊയ്തീൻ പള്ളിയിൽ നടന്ന ചടങ്ങുകളിൽ ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകി. മലപ്പുറം മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദിൽ പെരുന്നാൾ നിസ്‌കാരത്തിന് ചീഫ് ഇമാം സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
എറണാകുളം ഗ്രാൻഡ് മസ്ജിദിൽ എംപി ഫൈസൽ അസ്ഹരിയായിരുന്നു കാർമികത്വം വഹിച്ചത്. എറണാകുളം സെൻട്രൽ ജുമാ മസ്ജിദ്, കലൂർ ജുമാ മസ്ജിദ് തുടങ്ങി വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരവും പ്രാർത്ഥനാ ചടങ്ങുകളും ഉണ്ടായിരുന്നു. പരസ്പരം ആലിംഗനം ചെയ്തും സ്നേഹം കൈമാറിയും പെരുന്നാൾ ആഘോഷത്തിലാണ് വിശ്വാസികൾ.
Adjust Story Font
16

