Quantcast

ഈ നന്മയ്ക്ക് ഹജ്ജിന്റെ പുണ്യം; ജീവിതാഭിലാഷത്തിനു കരുതിവച്ച ഭൂമി ഭൂരഹിതർക്ക്, ലൈഫ് മിഷന് 28 സെൻറ് നൽകി ദമ്പതികൾ

ആറന്മുള സ്വദേശികളായ ഹനീഫ-ജാസ്മിൻ ദമ്പതിമാരാണ് ഹജ്ജിനു പണം കണ്ടെത്താനായി വിൽക്കാൻ വച്ച 28 സെന്റ് ഭൂമി ഭൂരഹിതരുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ പദ്ധതിയിലേക്ക് സംഭാവന ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-05-30 17:28:52.0

Published:

30 May 2022 12:55 PM GMT

ഈ നന്മയ്ക്ക് ഹജ്ജിന്റെ പുണ്യം; ജീവിതാഭിലാഷത്തിനു കരുതിവച്ച ഭൂമി ഭൂരഹിതർക്ക്, ലൈഫ് മിഷന് 28 സെൻറ് നൽകി ദമ്പതികൾ
X

പത്തനംതിട്ട: പുണ്യഭൂമിയായ മക്കയിലെത്തി ഹജ്ജ് നിർവഹിക്കാനുള്ള ആയുസിന്റെ കാത്തിരിപ്പിനു വേണ്ടി അത്തർ കച്ചവടക്കാരനായ അബുവും ഭാര്യ ആയിഷുമ്മയും നടത്തിയ ജീവിതപോരാട്ടത്തിന്റെ കഥ മലയാള ചലച്ചിത്രാസ്വാദകർ മറക്കില്ല. 2011ൽ പുറത്തിറങ്ങിയ 'ആദാമിന്റെ മകൻ അബു'വിലൂടെ നമ്മളെ വിസ്മയിപ്പിച്ച സലീം കുമാർ-സറീന വഹാബ് കഥാപാത്രങ്ങൾക്ക് ജീവിത പകർപ്പാകുകയാണ് പത്തനംതിട്ടയിൽനിന്നൊരു കുടുംബം.

ആറന്മുള സ്വദേശികളായ ഹനീഫ-ജാസ്മിൻ ദമ്പതിമാരാണ് പുതിയ അബുവും ആയിഷുമ്മയും. ഹജ്ജെന്ന ജീവിതാഭിലാഷം പൂർത്തീകരിക്കാനായി മറ്റു മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒടുവിൽ തങ്ങൾക്ക് ആകെയുണ്ടായിരുന്ന 78 സെന്റ് ഭൂമിയിൽനിന്ന് ഒരു ഭാഗം വിൽക്കാമെന്നു തീരുമാനിച്ചു 57കാരനായ ഹനീഫയും 48കാരിയായ ജാസ്മിനും. ഭൂമി വിറ്റു ലഭിക്കുന്ന തുക ഉപയോഗിച്ച് സുഖമായി തന്നെ ഹജ്ജ് പൂർത്തിയാക്കാനാകുമെന്ന് അവർ ഉറപ്പിച്ചു.

ഭൂമി വിൽക്കാൻ ഒരുങ്ങുമ്പോഴാണ് അയൽപക്കത്തെ വാടകവീട്ടിൽ കഴിയുന്നവരുടെ ജീവിതസാഹചര്യം അവരുടെ മനസുലയ്ക്കുന്നത്. കയറിക്കിടക്കാൻ സ്വന്തമായൊരു കൂരയില്ലെന്നു മാത്രമല്ല, അങ്ങേയറ്റം പരിതാപകരവുമാണ് അവരുടെ ജീവിതം. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വീട്ടിലെ ഒരംഗം മരിച്ചിട്ട് സംസ്‌കരിക്കാൻ ഒരിടം കണ്ടെത്താൻ നെട്ടോട്ടമോടിയ കാഴ്ച ശരിക്കും അവരെ മാറ്റിച്ചിന്തിച്ചു. സാമ്പത്തികശേഷിയുള്ളവർക്കെല്ലാം മതത്തിലെ നിർബന്ധനിഷ്ഠയായ ഹജ്ജ് തൽക്കാലത്തേക്ക് മാറ്റിവയ്ക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഹനീഫയ്ക്കും ജാസ്മിനും. അങ്ങനെയാണ് വിൽക്കാൻവച്ച 28 സെന്റ് ഭൂമി ഭൂരഹിതർക്ക് വീടുവയ്ക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ ലൈഫ് മിഷനിലേക്ക് സംഭാവന നൽകുന്നതെന്ന് ഹനീഫ വാർത്താ ഏജൻസിയായ പി.ടി.ഐയോട് വെളിപ്പെടുത്തി.

സ്ഥലം എം.എൽ.എയും ആരോഗ്യ മന്ത്രിയുമായ വീണ ജോർജ് ആണ് ഹനീഫ-ജാസ്മിൻ ദമ്പതികളുടെ മാതൃകാപ്രവർത്തനം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം വീണ ജോർജ് ആറന്മുള വല്ലനയിലുള്ള ദമ്പതികളുടെ വീട്ടിലെത്തി കുടുംബത്തിൽനിന്ന് സമ്മതപത്രം ഏറ്റുവാങ്ങി. കണ്ണുകൾ നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് വീണ ഫേസ്ബുക്കിൽ കുറിച്ചു. മകൻ നിസാമും അടൂർ താലുക്ക് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയായ മകൾ നിസയും മാതാപിതാക്കളുടെ ആഗ്രഹം അറിഞ്ഞപ്പോൾ പിന്തുണയുമായി ഒപ്പംനിൽക്കുകയായിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തി.

സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി ആകെയുള്ള 78 സെന്റിൽ 28 സെന്റ് സ്ഥലമാണ് അവർ ലൈഫ് മിഷന് വേണ്ടി നൽകിയത്.

ഭൂരഹിതരും ഭവനരഹിതരുമായവരുടെ പുനരധിവാസത്തിനായി നടത്തുന്ന 'മനസ്സോടിത്തിരി മണ്ണ്' കാംപയിനിന്റെ ഭാഗമായാണ് ദമ്പതികൾ സ്ഥലം നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ഇതിനകം 926.75 സെന്റ് ഭൂമി ദാനമായി ലഭിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ പറയുന്നു. 83 സെന്റ് ഭൂമി വാഗ്ദാനമായും ആയിരം വീട് നിർമിക്കാനായി 25 കോടി രൂപ സ്‌പോൺസർഷിപ്പായും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

Summary: Kerala couple donates land meant to fund Hajj pilgrimage to state housing scheme in Aranmula, Pathanamthitta

TAGS :

Next Story