Quantcast

ശബരിമലയില്‍ ആചാരം സംരക്ഷിക്കണം; യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍

ശബരിമലയില്‍ യുവതികള്‍ കയറേണ്ടെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാടെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-03-13 09:04:50.0

Published:

13 March 2026 2:13 PM IST

ശബരിമലയില്‍ ആചാരം സംരക്ഷിക്കണം; യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന മുന്‍നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് സുപ്രിം കോടതിയെ അറിയിക്കും.

ശബരിമലയില്‍ യുവതികള്‍ കയറേണ്ടെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാടെടുത്തിരുന്നു. ആചാരം സംരക്ഷിക്കണമെന്ന തങ്ങളുടെ നിലപാട് സുപ്രിം കോടതിയെ അറിയിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറും ആചാര സംരക്ഷണ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. നേരത്തെ, യുവതീപ്രവേശനത്തിന് അനുകൂലമായി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞപ്പോള്‍ ഇത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

പുനപരിശോധന ഹരജികള്‍ വന്നപ്പോളും സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. ഇപ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാര്‍ നിലപാടില്‍ മലക്കംമറിയുന്നതെന്നതാണ് ശ്രദ്ധേയം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിലെ പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴിനാണ് സുപ്രിം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുക. കക്ഷികള്‍ക്ക് മാര്‍ച്ച് 14ന് മുമ്പായി അഭിപ്രായം അറിയിക്കാന്‍ സമയം നല്‍കിയിരുന്നു.

അതിനിടെ, യുവതീപ്രവേശന വിധി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹരജിക്കാരായ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടന സുപ്രിം കോടതിയെ അറിയിച്ചു.

TAGS :

Next Story