Quantcast

ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി ബിൽ: ഗവർണറുടെ തുടർനീക്കങ്ങൾ ഉറ്റുനോക്കി സർക്കാർ

ബില്ല് പാസ്സായെങ്കിലും ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാതെ നിയമമാകില്ലെന്ന പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

MediaOne Logo

Web Desk

  • Published:

    14 Dec 2022 2:00 AM GMT

ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി ബിൽ: ഗവർണറുടെ തുടർനീക്കങ്ങൾ ഉറ്റുനോക്കി സർക്കാർ
X

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കിയുള്ള ബില്‍ നിയമസഭ പാസ്സാക്കിയതോടെ ഗവര്‍ണറുടെ തുടര്‍നീക്കങ്ങളാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പ് വെയ്ക്കാതിരുന്ന ഗവര്‍ണര്‍ ബില്ലിലും ഒപ്പ് വെയ്ക്കാനുള്ള സാധ്യത കുറവാണ്. രാഷ്ട്രപതിക്ക് അയക്കാനുള്ള ആലോചന രാജ്ഭവനിലുണ്ട്. ബില്ല് പാസ്സായെങ്കിലും ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാതെ നിയമമാകില്ലെന്ന പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ഇന്നലെ നിയമസഭ പാസ്സാക്കിയെങ്കിലും രാജ്ഭവന്‍റെ തുടര്‍ നടപടികളാണ് സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ബില്‍ പാസ്സാക്കും മുന്‍പ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല. ഓര്‍ഡിനന്‍സ് തന്നെ ലക്ഷ്യം വച്ചുള്ളതാണെങ്കില്‍ അതിന്‍റെ വിധികര്‍ത്താവ് ആകില്ലെന്നായിരുന്നു ഗവര്‍ണര്‍ അന്ന് പറഞ്ഞത്. അതായത് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചന നല്‍കിയിരുന്നു. ഓര്‍ഡിനന്‍സിന് പകരം ബില്‍ വരുമ്പോഴും ഗവര്‍ണറുടെ നിലപാട് ഇത് തന്നെ ആകാനാണ് സാധ്യത. ഇല്ലെങ്കില്‍ ബില്ലില്‍ അവ്യക്തത ഉണ്ടെന്ന് കാട്ടി നിയമസഭയ്ക്ക് തിരിച്ചയക്കണം. എന്നാല്‍ ബില്‍ തിരിച്ചയച്ചാല്‍ അത് വീണ്ടും നിയമസഭ പാസ്സാക്കുന്നെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനാകും. അതിനുള്ള സാഹചര്യം ഒരുക്കാതെ തീരുമാനം കേന്ദ്രത്തിന് വിടാനുള്ള നീക്കത്തിലേക്ക് ഗവര്‍ണര്‍ കടന്നേക്കും. പക്ഷേ സര്‍ക്കാര്‍ അത് തള്ളിക്കളയുന്നുണ്ട്. രാഷ്ട്രപതിക്ക് അയക്കാന്‍ വേണ്ടി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടെന്നും അതിലൊന്നും ഈ ബില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുചെയ്യും എന്നുള്ളതാണ് അടുത്ത ചോദ്യം. ഭരണഘടനയുടെ 200ആം അനുഛേദ പ്രകാരം ഒരു ബില്‍ നിയമസഭ പാസ്സാക്കിയാല്‍ എത്ര സമയത്തിനുള്ളില്‍ ഗവര്‍ണര്‍ അതില്‍ ഒപ്പിടണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതുകൊണ്ട് നിയമ പോരാട്ടം നടത്തുന്നതില്‍ പരിമിതി ഉണ്ടെങ്കിലും ഭരണഘടനയിലെ ഈ വ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ ചെയ്യുമോ എന്നാണ് ഇനിയറിയേണ്ടത്.

TAGS :

Next Story