എസ്എംഎ മരുന്ന് വിവാദം: മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്
സാമ്പിൾ മരുന്നുകൾ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും പുതിയ മരുന്നിന്റെ സ്റ്റോക്ക് എത്തിയതിനെ തുടർന്നാണ് നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം

തിരുവനന്തപുരം: എസ്എംഎ മരുന്നു വിവാദത്തിന് പിന്നാലെ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്. സുരക്ഷ മുൻനിർത്തി ആശുപത്രി അധികൃതർ മരുന്ന് തിരികെ ആവശ്യപ്പെട്ടതായി രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കളാണ് അറിയിച്ചത്. സാമ്പിൾ മരുന്നുകൾ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും പുതിയ മരുന്നിന്റെ സ്റ്റോക്ക് എത്തിയതിനെ തുടർന്നാണ് നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മരുന്നിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി.
എസ്എംഎ മരുന്ന് നൽകിയതിൽ തെറ്റില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നത്. മരുന്ന് മാറ്റാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ല. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. പുതിയ കമ്പനിയുടെ മരുന്ന് രോഗികൾക്ക് നൽകാനുള്ള നടപടികൾക്ക് തുടക്കമിട്ടത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നും വിഷയത്തിൽ ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിലവിൽ എസ്എംഎ മരുന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നുമായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. തുടർന്നാണ് ഇപ്പോൾ തിരികെ ആവശ്യപ്പെട്ടതായി തീരുമാനമുണ്ടായിരിക്കുന്നത്.
എസ്എംഎ ബാധിതരായ 108 കുട്ടികളാണ് സംസ്ഥാനത്ത് ഉള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇവർക്ക് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കെയർ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായിട്ടാണ് നൽകുകയാണ്. നിലവിൽ റോച്ചേ കമ്പനിയുടെ റസ്റ്റി പ്ലാം എന്ന ഒരു മരുന്നാണ് രോഗികൾക്ക് നൽകിക്കൊണ്ടിരുന്നത്. ഇതൊരു അമേരിക്കൻ കമ്പനിയാണ്. വിലയും വളരെ കൂടുതലാണ്. 6 ലക്ഷത്തിലധികം രൂപയാണ് മരുന്നിന് വില വരുന്നത്. ഇതുവഴി സർക്കാരിന് വലിയ ബാധ്യത വരുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് നാട്കോ ഫാർമ എന്ന ഇന്ത്യൻ കമ്പനി ഇതിന്റെ പേറ്റന്റ് വാങ്ങുകയും പുതിയ ജനറിക് മരുന്ന് രൂപപ്പെടുത്തി എടുക്കുകയും ചെയ്തത്. വിസ്ലിനാട് എന്ന ഒരു പുതിയ മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തത്. ഈ മരുന്ന് വിതരണം ചെയ്യാൻ നാട്കോ കമ്പനിക്ക് ഡൽഹി ഹൈക്കോടതി അനുമതിയും നൽകി. ഒപ്പം സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻറെ അംഗീകാരവും മരുന്നിന് ലഭിച്ചു. ഇതോടെയാണ് കേരളത്തിൽ വിതരണം ചെയ്തുകൊണ്ടിരുന്ന മരുന്ന് മാറ്റാനുള്ള ആലോചനയുണ്ടാകുന്നത്.
എന്നാൽ മരുന്നുകളുടെ പുറത്ത് എഴുതിയിരിക്കുന്ന ലേബലിനെ ചുറ്റിപ്പറ്റിയാണ് വിവാദം ഉടലെടുത്തത്. മരുന്നിൻ്റെ പുറത്ത് ഡോക്ടേഴ്സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം ആക്ഷേപം ഉന്നയിച്ചതോടെ രക്ഷിതാക്കളും ആശങ്കാകുലരാവുകയായിരുന്നു.
എന്നാൽ ഇത് ക്ലിനിക്കൽ ട്രയലിൻ്റെ ഭാഗമാണെന്ന് കരുതാൻ കഴിയില്ലെന്നാണ് ഐഎംഎ നേതാവ് ഡോക്ടർ സുൽഫി നൂഹ് അടക്കം പറയുന്നത്. ഡോക്ടമാർക്ക് കൊടുക്കുന്ന സാമ്പിളിൽ വിൽക്കാൻ പാടില്ല എന്ന് രേഖപ്പെടുത്താറുണ്ട്. ഡോക്ടർ അത് രോഗിക്ക് സൗജന്യമായി നൽകുകയും ചെയ്യും. അതുപോലെയുള്ള ഒരു കാര്യം മാത്രമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അപാകതയുണ്ടെന്ന് പറയാനാകില്ലെന്നും ഡോ. സുൽഫി നൂഹ് പറയുന്നു.
Adjust Story Font
16

