Quantcast

വാഹനങ്ങളിൽ സേഫ്റ്റി ഗ്ലേസിങ് ചില്ലുകൾ പതിച്ചാൽ ഇനി പണികിട്ടുമോ; എംവിഡിയും കോടതിയും പറഞ്ഞതെന്ത് ​?

പ്രീമിയം കാറുകൾക്ക് സേഫ്റ്റി ഗ്ലേസിങ്ങ് അനുവദനിയമാകുമ്പോൾ ചെറുകാറുകൾക്ക് അത് നിഷേധിക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    12 Sept 2024 1:18 PM IST

HighCourt
X

കൊച്ചി: വാഹനങ്ങളിൽ സേഫ്റ്റി ഗ്ലേസിങ് ചില്ലുകൾ പതിക്കുന്നതിനെ ചൊല്ലി വാഹനപ്രേമികളും മോട്ടോർ ​വെഹിക്കിൾ ഡിപ്പാർട്ട്മെന്റും തമ്മിൽ വലിയ തർക്കങ്ങളും നിയമനടപടികളും പതിവാണ്. അതിനിടയിലാണ് ഹൈക്കോടതിയുടെ നിർണായകമായ ഉത്തരവ് വന്നിരിക്കുന്നത്.

മോട്ടോർ വാഹനങ്ങളിൽ സേഫ്റ്റി ​ഗ്ലേസിങ് ചില്ലുകൾ പിടിപ്പിക്കുന്നതിന് നിയമ തടസ്സമില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. സേഫ്റ്റി ഗ്ലാസുകളുടെ ഉൾഭാഗങ്ങളിൽ പ്ലാസ്റ്റിക് ഫിലിം പതിച്ച് ബിഎസ്എസ് നിലവാരത്തിൽ പുറത്തിറക്കുന്ന ചില്ലുകളും വാഹനങ്ങളിൽ അനുവദിക്കാമെന്നും കോടതി പറഞ്ഞു.

എന്നാൽ സേഫ്റ്റി ഗ്ലാസുകൾ മാത്രമാണ് അനുവദനീയമെന്നും സേഫ്റ്റി ഗ്ലേസിങ് ഗ്ലാസുകൾ ഉപയോഗിക്കാൻ പാടില്ലെന്നും സുപ്രിം കോടതി വിധിയുണ്ടെന്നായിരുന്നു എംവിഡിയുടെ വാദം. ക്രേന്ദ്ര സർക്കാർ 2021 ൽ മോട്ടോർ വാഹനചട്ടം 100 ൽ ഭേദഗതി ചെയ്തതോടെ സേഫ്റ്റി ഗ്ലേസിങ് ഗ്ലാസുകൾ അനുവദനീയമായെന്നും സുപ്രിം കോടതി ഉത്തരവിന് ശേഷമാണ് ഈ ഭേദഗതി ഇറങ്ങിയതെന്നും ​ഹൈക്കോടതി വ്യക്തമാക്കി. സേഫ്റ്റി ഗ്ലാസുകളുടെ ഉൾഭാഗങ്ങളിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ് എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതി​ന്റെ അടിസ്ഥാനത്തിൽ സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നതിന്റെ പേരിൽ നിയമലംഘനമാണെന്ന് പറഞ്ഞ് സർക്കാരോ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ നടപടിയെടുക്കന്നത് ന്യായമല്ലെന്നും ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.

ഗ്ലാസും ഫിലിമും ചേർന്ന സേഫ്റ്റി ഗ്ലേസിങ് ഘടിപ്പിക്കാൻ വാഹന നിർമ്മാതാക്കൾക്ക് മാത്രമെ അനുമതിയുള്ളുവെന്ന വാദവും ഹൈക്കോടതി തള്ളി. പല പല സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന സാമഗ്രികൾ കൂട്ടിച്ചേർത്താണ് നിർമ്മാതാക്കൾ വാഹനങ്ങൾ നിർമ്മിക്കുന്നത്. നിലവിലുള്ളവ പൊട്ടിയാൽ വിപണിയിൽ കിട്ടുന്ന സേഫ്റ്റി ഗ്ലാസുകളാണ് ഉപഭോക്താക്കൾ വാങ്ങി ഉപയോഗിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രീമിയം കാറുകൾക്ക് സേഫ്റ്റി ഗ്ലേസിങ്ങ് അനുവദനിയമാകുമ്പോൾ ചെറുകാറുകൾക്ക് അത് നിഷേധിക്കുന്നത് നിയമപരമല്ലെന്നും കോടതി വ്യക്തമാക്കി.

സേഫ്റ്റി ​ഗ്ലേസിങ് ചില്ലുകൾ പതിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

  • മുൻ,പിൻ ഭാഗങ്ങളിലെ സേഫ്റ്റി ഗ്ലാസുകളിൽ 70 ശതമാനം സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ്ങ് ഉപയോഗിക്കാം.
  • വശങ്ങളിലുള്ള സേഫ്റ്റി ഗ്ലാസുകളിൽ 50 ശതമാനം സുതാര്യത പാലിക്കുന്ന സേഫറ്റ് ഗ്ലേസിങ്ങ് ഉപയോഗിക്കാം.

വാഹനത്തിൽ കൂളിങ്ങ് പതിച്ചതിന് കൃഷ്ണകുമാറിനും സ്ഥാപനങ്ങൾക്കും മോട്ടോർ വാഹനവകുപ്പ് ചെലാൻ നൽകിയിരുന്നു. തുടർന്നാണ് കൃഷ്ണ കുമാറും കൊച്ചിയിലെ സൺ കൺട്രോൾ ഫിലിം സ്റ്റോക്കിസ്റ്റും ആലപ്പുഴയിലെ ആക്സസറീസ് സ്ഥാപനവും​ നിയമനടപടി തുടങ്ങിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ​എംവിഡിയുടെ നോട്ടീസും ചെലാനും റദ്ദാക്കി.

TAGS :

Next Story