Quantcast

വഖഫ്: സർക്കാർ കോടതിയിലെടുത്ത നിലപാട് സംഘ്പരിവാറിന് വേണ്ടിയെന്ന് നാഷണൽ ലീഗ്

കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകിയ മുസ്‌ലിം ലീഗ് നിലപാടിന് തികച്ചും വിരുദ്ധമായ നിലപാടാണ് കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതെന്നും നാഷണൽ ലീഗ്

MediaOne Logo

Web Desk

  • Published:

    15 July 2026 8:35 PM IST

വഖഫ്: സർക്കാർ കോടതിയിലെടുത്ത നിലപാട് സംഘ്പരിവാറിന് വേണ്ടിയെന്ന് നാഷണൽ ലീഗ്
X

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന വഖഫ് ബോർഡിന് മേലുള്ള ഹൈക്കോടതി നിയന്ത്രണം ആശങ്കാജനകമെന്ന് നാഷണൽ ലീഗ്. സർക്കാർ കോടതിയിലെടുത്ത നിലപാട് സംഘ്പരിവാർ താൽപര്യത്തിന് വഴങ്ങിക്കൊടുക്കുന്നതാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു.

'രണ്ട് അമുസ്‌ലിം അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകിയ മുസ്‌ലിം ലീഗ് നിലപാടിന് തികച്ചും വിരുദ്ധമായ നിലപാടാണ് കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ വഖഫിനും മുസ്‌ലിം സാമുദായിക താൽപര്യത്തിനുമെതിരായ ഹരജിയിൽ ഹരജിക്കാരനുകൂലമായ നിലപാടെടുത്ത അഡ്വ. ജനറലിന്‍റെ നിലപാട് തന്നെയാണോ ലീഗിനുള്ളതെന്ന് വിശദീകരിക്കേണ്ടതുണ്ട്. യുഡിഎഫ്-ബിജെപി ഡീൽ വഖഫ് വിഷയത്തിൽ പോലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്'. അസീസ് കൂട്ടിച്ചേർത്തു.

സംസ്ഥാന വഖഫ് ബോർഡ് ബോർഡ് നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് ഹൈക്കോടതി ഇന്ന് വിലക്കേർപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ഷോൺ ജോർജിന്‍റെയും ഒരു ക്രിസ്ത്യൻ സംഘടനയുടേയും ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.

പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. നിലവിലെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. പുതിയ വഖഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നയപരമായ തീരുമാനങ്ങൾ വിലക്കിയത്.

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വഖഫ് ബോർഡ് തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ ഹരജി നൽകും. തങ്ങളുടെ പക്ഷം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുക.

TAGS :

Next Story