Quantcast

'കേരളം ഭരിക്കുന്നത് സർക്കാരല്ല,പാർട്ടിയാണ്; രൂക്ഷവിമർശനവുമായി വി.ഡി സതീശൻ

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നു. മറുഭാഗത്ത് നാട്ടിൽ തന്നെയുള്ള നിക്ഷേപിക്കുന്നവരെ തൊഴിൽ സംരക്ഷണത്തിന്റെ പേരിൽ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു

MediaOne Logo

Web Desk

  • Published:

    14 Feb 2022 8:22 AM GMT

കേരളം ഭരിക്കുന്നത് സർക്കാരല്ല,പാർട്ടിയാണ്; രൂക്ഷവിമർശനവുമായി വി.ഡി സതീശൻ
X

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളം ഭരിക്കുന്നത് സർക്കാരല്ല, പാർട്ടിയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. മാതമംഗലത്തെ സി.ഐ.ടി.യുക്കാർ മർദിച്ചതും കണ്ണൂരിലെ ബോംബേറുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സി.ഐ.ടി.യു നേതൃത്വത്തിൽ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉടമ തന്നെ പൂട്ടി. ഈ കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ പേരിൽ സി.ഐ.ടി.യുക്കാരുടെ മർദ്ദനമേറ്റ അഫ്സൽ തന്റെ കംപ്യൂട്ടർ സ്ഥാപനവും പൂട്ടി. മുഖ്യമന്തിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലാണ് സംഭവം. എന്നിട്ടും സർക്കാർ അറിഞ്ഞ മട്ടില്ല. എസ്.ആർ അസോസിയേറ്റ്സിന് ലൈസൻസ് ഇല്ലെന്നാണ് തൊഴിൽ മന്ത്രിയുടെ വാദം. ലൈസൻസ് ഉണ്ടെന്ന് എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയതോടെ സി.ഐ.ടിയുക്കാരെ വെള്ളപൂശാനുള്ള മന്ത്രിയുടെ ശ്രമം പൊളിഞ്ഞു. കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാൻ ഹൈക്കോടതി വിധി വാങ്ങിയെന്നതാണ് സ്ഥാപനം ഉടമ ചെയ്ത കുറ്റം. സി.ഐ.ടി.യുക്കാർ ആദ്യം കടയിൽ കയറി ജീവനക്കാരെ ആക്രമിച്ചു. പിന്നാലെ ഉപരോധം തുടങ്ങി. കടയിൽ വരുന്നവരെ തടഞ്ഞു, ഭീക്ഷണിപ്പെടുത്തി, കായികമായി ആക്രമിച്ചു. ഇതോടെ 70 ലക്ഷത്തിലധികം രൂപ മുടക്കി തുടങ്ങിയ സ്ഥാപനം ഉടമയ്ക്ക് പൂട്ടണ്ടി വന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി...

കേരളത്തിൽ എന്താണ് നടക്കുന്നത്. ഇതാണോ നിക്ഷേപ സൗഹൃദ അന്തരീക്ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നു. മറുഭാഗത്ത് നാട്ടിൽ തന്നെയുള്ള നിക്ഷേപിക്കുന്നവരെ തൊഴിൽ സംരക്ഷണത്തിന്റെ പേരിൽ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തളിപ്പറമ്പ് ആന്തൂരിൽ പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാരാണ്? കൊല്ലം പുനലൂരിൽ വർക്ക്ഷോപ്പ് തുടങ്ങിയ സുഗതന് അവിടെ തന്നെ ജീവനൊടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിനും ഇടത് മുന്നണിക്കും പാപഭരത്തിൽ നിന്നൊഴിയാനാകില്ല.

ഇവിടെ ഭരിക്കുന്നത് സർക്കാരല്ല പാർട്ടിയാണ്. പാർട്ടി തീരുമാനിക്കുന്നു, നടപ്പാക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു.. നിക്ഷേപകരെ പാർട്ടിക്കാർ പീഡിപ്പിച്ച് സ്ഥാപനങ്ങൾ പൂട്ടിക്കുന്നു. എന്തൊരു ക്രൂരതയാണിത്? സർക്കാരിന്റെ നയം ഒന്ന് പ്രവർത്തി മറ്റൊന്ന്.

വിവാഹ പാർട്ടിക്ക് നേരെ ഉണ്ടായ ബോംബേറിൽ വരന്റെ സുഹൃത്ത് മരിച്ചു. ഇതും കണ്ണൂരിലാണ്. ബോംബ് നിർമാണവും ആക്രമണവും കണ്ണൂരിന് പുതുതല്ല. സി.പി.എമ്മിന് അതിൽ എക്കാലത്തും പങ്കുണ്ടായിരുന്നു. വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂർ. ബോംബ് പൊട്ടി തലയോട്ടി തകർന്ന് യുവാക്കൾ മരിക്കുമ്പോൾ ഈ നേതാക്കൾക്ക് എന്നതാണ് പറയാനുള്ളത്? സംസ്ഥാനത്ത് അക്രമപരമ്പരകളും ഗുണ്ടാ വിളയാട്ടവുമാണ്. പോലീസിനെ നോക്കുകുത്തിയാക്കി. പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി കേന്ദ്രങ്ങളാണ്. പഴയകാല സെൽ ഭരണത്തിന്റെ രീതിയിലാണ് കര്യങ്ങൾ പോകുന്നത്. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന പ്രഥമിക ദൗത്യം പോലും നിർവഹിക്കാനാകാത്ത വിധം കേരളത്തിലെ പോലീസിനെ പാർട്ടിയുടെ കാൽക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് ഇനി എന്ത് പറയാനുണ്ട്?

TAGS :

Next Story