Quantcast

പെൺകുട്ടിയാണെങ്കിൽ 'ഗംഗ' എന്ന് പേരിടും; യുദ്ധഭൂമിയിൽ നിന്ന് ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെട്ട മലയാളി യുവാവ്

'ഓപ്പറേഷൻ ഗംഗ' വഴിയാണ് പൂർണ ഗർഭിണിയായ ഭാര്യക്കൊപ്പം കിയവില്‍ നിന്ന് പോളണ്ടിലെത്തിയത്

MediaOne Logo

Web Desk

  • Published:

    5 March 2022 4:00 AM GMT

പെൺകുട്ടിയാണെങ്കിൽ ഗംഗ എന്ന് പേരിടും; യുദ്ധഭൂമിയിൽ നിന്ന് ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെട്ട മലയാളി യുവാവ്
X

റഷ്യയുടെ അധിനിവേശം തുടങ്ങിയതോടെ നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിയത്. കേന്ദ്ര സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം വഴി നിരവധി ഇന്ത്യക്കാരാണ് സുരക്ഷിതമായ നാട്ടിലെത്തിയത്. ഈ രക്ഷാദൗത്യത്തിലൂടെ നിരവധി മലയാളികളും നാട്ടിലെത്തിയിരുന്നു. യുദ്ധം രൂക്ഷമായ കിയവിൽ നിന്ന് പൂർണഗർഭിണിയായ ഭാര്യക്കൊപ്പം സുരക്ഷിതമായി പോളണ്ടിലെത്തിയ മലയാളി യുവാവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒരുപോറൽ പോലും ഏൽക്കാതെ ഭാര്യയെ സുരക്ഷിതമായി എത്തിക്കാൻ സാധിച്ച രക്ഷാദൗത്യത്തിന് നന്ദിയായി ജനിക്കാനിരിക്കുന്ന കുഞ്ഞിന് 'ഗംഗ' എന്ന് പേരിടുമെന്ന് മലയാളിയായ അഭിജിത്തും ഭാര്യ നീതുവും പറയുന്നു.

' മാർച്ച് 26 നാണ് ഭാര്യയുടെ പ്രസവ തീയതി പറഞ്ഞിരിക്കുന്നത്. ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ ഇന്ത്യയുടെ ആരംഭിച്ച രക്ഷാപ്രവർത്തനത്തിന്റെ പേരായ 'ഗംഗ' എന്ന് കുഞ്ഞിടാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന്' അഭിജിത്ത് എ.എൻ.ഐയോട് പറഞ്ഞു.

കിയവിൽ റെസ്റ്റോറന്റ് നടത്തുകയായിരുന്നു അഭിജിത്ത്. യുദ്ധം തുടങ്ങിയത് മുതൽ ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെടാനുള്ള വഴി നോക്കുകയായിരുന്നു. ലിവിവിൽ ഗർഭിണിയായ യുവതി അതിർത്തി കടക്കാൻ സഹായത്തിന് കാത്തുനിൽക്കുന്നുവെന്ന വാർത്ത രണ്ടുദിവസം മുമ്പ് പുറത്ത് വന്നിരുന്നു. ഇത് ശ്രദ്ധയിയിൽ പെട്ടതോടെയാണ് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷപ്പെടുത്തി സുരക്ഷിതമായി പോളണ്ടിലേക്ക് എത്തിച്ചു.

അഭിജിത്തിന്റെ ഭാര്യ നീതു ഇപ്പോൾ പോളണ്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 'എന്റെ ഭാര്യ പോളണ്ടിൽ ആശുപത്രിയിലാണ്. ഭാര്യയുടെ മെഡിക്കൽ സുരക്ഷാ കാരണങ്ങളാലാണ് അവൾക്ക് പോളണ്ടിലെ ആശുപത്രിയിൽ കഴിയേണ്ടിവരുന്നത്. ഭാര്യ ആരോഗ്യവതിയാണ്. താൻ ഇന്ത്യയിലേക്ക് വരികയാണെന്നും' അഭിജിത്ത് പറഞ്ഞു. കിയവിൽ നിന്ന് പോളണ്ടിലെ റസെസോയിലെത്താൻ ഒരു രൂപപോലും ഞാൻചെലവഴിച്ചിട്ടില്ലെന്നും അഭിജിത്ത് പറയുന്നു. പോളണ്ടിലെ ഇന്ത്യൻ എംബസി ഒരുക്കിയ ഷെൽട്ടർ റൂമിലായിരുന്നു അദ്യം എത്തിയത്. പിന്നീടാണ് റസെസോവിൽ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഓപ്പറേഷൻ ഗംഗയ്ക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിനും മറ്റുള്ളവർക്കും ചെയ്ത സഹായത്തിന് നന്ദി. ഒരുപാട് വിദേശികൾ യുക്രൈനില്‍ ഇപ്പോഴും സഹായത്തിനായി കേഴുമ്പോഴാണ് ഇന്ത്യ ഇവിടെ ഞങ്ങളെ രക്ഷപെടുത്തുന്നത്', അഭിജിത്ത് പറയുന്നു.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ പുരോഗമിക്കുകയാണ്. ഇന്ന് രണ്ട് വിമാനങ്ങളിലായി 399 പേർ ഡൽഹിലെത്തി. 16 വിമാനങ്ങളിലായി 3000 പേരെ ഇന്ന് തിരികെ എത്തിക്കും. ഇതുവരെ 20,000 ഇന്ത്യക്കാർ മടങ്ങിയെത്തി. 1070 മലയാളികളെ കേരളത്തിലെത്തിച്ചിട്ടുണ്ട്.

TAGS :

Next Story