Quantcast

അഞ്ച് മിനുട്ട് വൈകിയിരുന്നെങ്കിൽ; സിനിമാക്കഥയെ വെല്ലുന്ന റിയൽ ലൈഫ് സ്റ്റോറി പങ്കുവെച്ച് കേരള പൊലീസ്

കാണാതായ യുവാവിനെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിന്റെ അനുഭവമാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലുള്ളത്‌

MediaOne Logo

Web Desk

  • Published:

    25 Jan 2026 8:42 PM IST

അഞ്ച് മിനുട്ട് വൈകിയിരുന്നെങ്കിൽ; സിനിമാക്കഥയെ വെല്ലുന്ന റിയൽ ലൈഫ് സ്റ്റോറി പങ്കുവെച്ച് കേരള പൊലീസ്
X

കോഴിക്കോട്: കണ്ണൂരിൽ കാണാതായ യുവാവിനെ കണ്ടെത്തിയതിന്റെ അനുഭവം പങ്കുവെച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രിയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിനിമാക്കഥയെ പോലും വെല്ലുന്ന രീതിയിൽ നടത്തിയ അന്വേഷണത്തിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്ന യുവാവിനെ രക്ഷപ്പെടുത്താൻ പറ്റിയ അനുഭവമാണ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാതായതായി വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് നടക്കാവ് പൊലീസിന് വിവരം ലഭിക്കുന്നത്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാത്രി തന്നെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹോട്ടലിൽ മുറിയെടുത്ത് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്ന യുവാവിന്റെ മിനുട്ടുകളുടെ വ്യത്യാസത്തിൽ രക്ഷപെടുത്തിയത്. നടക്കാവ് സ്‌റ്റേഷനിലെ എഎസ്‌ഐ പി.സനീഷ്, സിപിഒ നിഷോബ്, ഡ്രൈവർ എം.മുഹമ്മദ് ജിഷാദ് എന്നിവരുടെ സംഘമാണ് നാട്ടുകാരുടെ കൂടെ സഹായത്തോടെ യുവാവിനെ രക്ഷപെടുത്തിയത്.

പോസ്റ്റിന്റെ പൂർണരൂപം:

സിനിമാക്കഥയെ വെല്ലുന്ന റിയൽ ലൈഫ് സ്റ്റോറി

“കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ല. ടവർ ലൊക്കേഷൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ പരിധിയിലാണ്. ഫോട്ടോ, ഫോൺനമ്പർ, ടവർ ലൊക്കേഷൻ എന്നിവ അയക്കാം” ഇതായിരുന്നു വെള്ളിയാഴ്ച രാത്രി നടക്കാവ് സ്റ്റേഷനിലെ എഎസ്ഐ പി. സുനീഷിന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ.

കിട്ടിയ ലൊക്കേഷൻ എരഞ്ഞിപ്പാലം, ശാസ്ത്രിനഗർ എന്നുമാത്രം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. ഒട്ടേറെ ഹോട്ടൽ, ഹോസ്റ്റൽ, ആശുപത്രി എന്നിവയുമുണ്ട്. ആലോചിച്ചുനിന്ന് സമയം കളയേണ്ടാ, ഇറങ്ങുകതന്നെ എന്ന തീരുമാനത്തിൽ എഎസ്ഐയും, സിപിഒ എൻ. നിഷോബും ഡ്രൈവർ എം. മുഹമ്മദ് ജിഷാദുമെത്തി.

പ്രദേശത്തെത്തി പലസ്ഥലങ്ങളിലും തിരഞ്ഞു. ഹോട്ടലുകൾ കയറി ഫോട്ടോ കാണിച്ചന്വേഷിച്ചു. നാട്ടുകാരെയും ഫോട്ടോ കാണിച്ചുനോക്കി. രക്ഷയില്ല. ജീപ്പ് പോകാൻ പ്രയാസമുള്ള സ്ഥലങ്ങളിലൂടെ നടന്ന് അന്വേഷണം തുടർന്നു. പല വീടുകളിലും തിരക്കി. എല്ലാവരോടും പറഞ്ഞു, ഇത് പ്രതിയൊന്നുമല്ല, കാണാനില്ലെന്നു മാത്രം. നാട്ടുകാരും തിരച്ചിലിന് ഒപ്പംകൂടി. പൊലീസ്‌സംഘത്തിനുനേരേ നായ ചാടിവീണെങ്കിലും രക്ഷപ്പെട്ടു. എന്നിട്ടും അന്വേഷണം തുടർന്നു.

നടപ്പ് ഏകദേശം അഞ്ചുകിലോമീറ്ററിലും അധികമായി. ആദ്യംചെന്ന സ്ഥലങ്ങളിൽ രണ്ടാംറൗണ്ട് ആരംഭിക്കാൻ തീരുമാനമായി. ചെന്ന സ്ഥലങ്ങളിൽ വീണ്ടും ചെന്നു. അങ്ങനെ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ അടുത്തുള്ള ഹോട്ടലുകാരൻ ആളെ തിരിച്ചറിഞ്ഞു. മൂന്നാംനിലയിലെ മുറിയിലേക്ക് സംഘം ഓടിയടുത്തു.

വാതിലിൽ മുട്ടി, ഇടിച്ചു. പ്രതികരണമില്ല. റൂം ബോയോട് സ്പെയർ കീ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. തുറക്കാൻ ശ്രമിച്ചു. നടന്നില്ല. അകത്തുനിന്ന്‌ കുറ്റിയിട്ടിട്ടുണ്ട്. കീഹോളിലൂടെ നോക്കി. ബെഡ്ഡിന് മുകളിൽ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനിൽ കെട്ടാൻ ശ്രമിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.

പ്രണയ നൈരാശ്യത്തെതുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണ്. ആത്മഹത്യക്കുറിപ്പിൽ എല്ലാമുണ്ടായിരുന്നു. തുടർന്ന് ജീവിക്കാൻ പ്രേരണനൽകുന്ന വാക്കുകൾകൊണ്ട് യുവാവിനെ പിന്തിരിപ്പിച്ചു. യുവാവിന്റെ വീട്ടുകാർ സ്ഥലത്തെത്തി. ജീവിതം ഇനിയുമുണ്ട് ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം തിരികെയയച്ചു.

TAGS :

Next Story