Quantcast

ഒന്നോ രണ്ടോ പരീക്ഷ എഴുതാത്തതിന് പ്രൊഫൈൽ വിലക്കില്ല; മതിയായ കാരണം ബോധിപ്പിച്ചവർക്ക് ഇളവ്

പി.എസ്.സി കടുത്ത നടപടി സ്വീകരിക്കുന്നത് ധനനഷ്ടം കൂടിയതിനാൽ

MediaOne Logo

Web Desk

  • Published:

    25 Jan 2023 1:25 AM GMT

kerala psc,psc profile block,psc updates today,Kerala psc,psc profile Kerala psc,psc profile,psc exam,
X

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് കർശനമാക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷനെ പ്രേരിപ്പിച്ചത് പരീക്ഷാനടത്തിപ്പിലെ കനത്ത ധനനഷ്ടം. കഴിഞ്ഞ ശനിയാഴ്ച നടന്ന ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് 40 ശതമാനം പേർ ഹാജരാകാത്തതിനാൽ പിഎസ്‌സിക്ക് നഷ്ടം ഒരു കോടി രൂപയിലേറെയാണ്.

തുടർച്ചയായി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മാത്രമേ മരവിപ്പിക്കൂയെന്നാണ് പിഎസ്‌സി നൽകുന്ന വിശദീകരണം. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ നേരത്തേ തീരുമാനിച്ചതാണ് പിഎസ്‌സി. ഉദ്യോഗാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച പക്ഷേ നടപ്പാക്കിയില്ല. ഉദ്യോഗാർഥികൾ പരീക്ഷക്ക് എത്താത്തത് കനത്ത സാമ്പത്തിക നഷ്ടമാണ് പിഎസ്‌സിക്ക് ഉണ്ടാക്കുന്നത്.

ശനിയാഴ്ച നടന്ന ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷക്ക് എത്താമെന്ന് ഉറപ്പ് നൽകിയത് 1,62,000 ഉദ്യോഗാർഥികളാണ്. ഇവരിൽ 56,000 പേർ പരീക്ഷക്ക് എത്തിയില്ല. ഒരു ഉദ്യോഗാർഥിക്ക് 200 രൂപ പരീക്ഷാചെലവിനായി ചെലവാകുന്നുണ്ടെന്നാണ് പിഎസ്‌സിയുടെ കണക്ക്. ഇത് അനുസരിച്ച് ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷാനടത്തിപ്പിൽ പിഎസ്‌സിക്ക് നഷ്ടം ഒരു കോടി 12 ലക്ഷം രൂപയാണ്. 2022ൽ നാല് ഘട്ടമായി നടത്തിയ പ്രിലിമിനറി പരീക്ഷക്ക് എത്താമെന്ന് ഉറപ്പ് നൽകിയത് പന്ത്രണ്ട് ലക്ഷത്തി അറുപത്തി ഒമ്പതിനായിരം പേർ. എത്തിയതാകട്ടെ ഒമ്പത് ലക്ഷം ഉദ്യോഗാർഥികളും. 7 കോടിയോളം രൂപയാണ് ഈ പരീക്ഷാനടത്തിപ്പിലെ നഷ്ടം.

ഉദ്യോഗാർഥിയുടെ അപേക്ഷ മുതൽ നിയമനം വരെയുള്ള സേവനങ്ങൾ സൗജന്യമായി നടത്തുന്നതിനാൽ സാമ്പത്തിക നഷ്ടം ഇനിയും താങ്ങാനാവില്ലെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. പ്രൊഫൈൽ മരവിപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികളുടെ വിശദീകരണം കേൾക്കും. മതിയായ കാരണം ബോധിപ്പിക്കുന്നവർക്ക് ഇളവുണ്ടാകും. ഇതുവരെയുള്ള പരീക്ഷകൾക്ക് ഹാജരാകാത്തത് പ്രൊഫൈൽ മരവിപ്പിക്കലിന് കാരണമാകില്ല. ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിക്കാനല്ല പുതിയ തീരുമാനമെന്നും വിശദമാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്നും പിഎസ്‌സി അറിയിച്ചു.





TAGS :

Next Story