'സ്കൂളുകളെ വര്‍ഗീയ പരീക്ഷണ ശാലകളാക്കാന്‍ അനുവദിക്കില്ല, ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷം പിൻവലിച്ചത് ഗൗരവകരം': മന്ത്രി വി.ശിവൻകുട്ടി
ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കണമെന്നാണ് സര്‍ക്കാറിന്‍റെ ഉത്തരവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും അതിനായി പിരിച്ച പണം തിരികെ നല്‍കുകയും ചെയ്ത സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.കേരളം പോലുള്ള ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള സംസ്ഥാനത്ത് കേട്ട് കേള്‍വിയില്ലാത്ത കാര്യമാണിത്. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
'ജാതിമത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും വളരുകയും ഇടങ്ങളാണ് വിദ്യാലയങ്ങള്‍.അവിടെ വേര്‍തിരിവിന്‍റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല, ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കണമെന്നാണ് സര്‍ക്കാറിന്‍റെ ഉത്തരവ്. ആഘോഷത്തിന് പണം പിടിച്ച് തിരിച്ചു നൽകിയത് കുട്ടികളുടെ മനസിനെ മുറിവേൽപ്പിക്കുന്നതും ക്രൂരമായ നടപടിയുമാണ്. സങ്കുചിതമായ രാഷ്ട്രീയ വര്‍ഗീയ താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റിയാല്‍ കര്‍ശന നടപടിയുണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാന്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്...' മന്ത്രി പറഞ്ഞു.
അതേസമയം, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ പാടില്ലെന്നും ഇത് കർശനമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.കുട്ടികളുടെ മനസിക ആരോഗ്യം അതീവ ഗൗരവമുള്ളതാണ്.അത് കെടുത്തിക്കളയാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

