'എനിക്ക് അറിയാവുന്ന കേരള സ്റ്റോറി ഇതാണ്'; ഉത്തരേന്ത്യന്‍ വിദ്യാര്‍ഥിയുടെ വിഡിയോ വൈറല്‍
'കേരളത്തിലെ എൻ്റെ രണ്ട് വര്‍ഷത്തെ അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ് രാജ് വിഡിയോ പോസ്റ്റ് ചെയ്തത്

- Updated:
2026-02-20 13:50:05.0

കോഴിക്കോട്: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'കേരള സ്റ്റോറി 2' സിനിമക്കെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. മലയാളികള്‍ മാത്രമല്ല, കേരളത്തെ കുറിച്ചും സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ചും അറിയാവുന്നവരെല്ലാം 'കേരള സ്റ്റോറി' എന്ന സിനിമ വിദ്വേഷം പ്രചരിപ്പിക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് അക്ഷയ് രാജ് എന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ഥിയുടെ വാക്കുകള്‍.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ് അക്ഷയ് രാജ്. 'കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. അക്ഷയ് രാജിന്റെ വാക്കുകള്‍ ഇങ്ങനെ -'ഹായ്, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പഠിക്കുന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ഥിയാണ് ഞാന്‍. കേരളത്തില്‍ രണ്ട് വര്‍ഷമായി ജീവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റോറി-2 സിനിമയുടെ ട്രെയിലറിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പറയാം. രണ്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഒരാളും ആരെയെങ്കിലും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതോ വിശ്വാസങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. കോളജ് മെസ്സില്‍ ആയാലും നഗരത്തിലായാലും ഭക്ഷണം ഇവിടെ വ്യക്തിയുടെ ഇഷ്ടമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും മതസൗഹാര്‍ദത്തോടെയും പരസ്പര ബഹുമാനത്തോടെയും ജീവിക്കുന്ന കേരളത്തെയാണ് ഞാന്‍ കണ്ടത്. ഇതാണ് കേരളത്തിലെ യാഥാര്‍ഥ്യം'. കേരളത്തിന്റെ യഥാര്‍ഥ സാഹചര്യം എന്താണെന്ന് വിശദീകരിച്ചതില്‍ നിരവധി പേരാണ് കമന്റുകളിലൂടെ അക്ഷയ് രാജിനെ അഭിനന്ദിക്കുന്നത്.
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ കേരള സ്റ്റോറി-2ന്റെ ട്രെയിലര്‍ രൂക്ഷമായ വിമര്‍ശനമാണ് വിളിച്ചുവരുത്തിയത്. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം ഇസ്‌ലാമിക രാജ്യമാകുമെന്ന സംഭാഷണവും കേരളത്തില്‍ നിന്നുമുള്ള യുവതി ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്നതും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുമായ രംഗവുമെല്ലാം ട്രെയിലറിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിയുമെത്തിയിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Adjust Story Font
16
