Quantcast

ടെലിവിഷൻ ബാർക് തട്ടിപ്പിൽ അന്വേഷണം; പരാതി ലഭിച്ചതായി ഡിജിപി

മീഡിയവണാണ് ബാർക്ക് തട്ടിപ്പ് ആദ്യം തുറന്നു കാട്ടിയത്

MediaOne Logo

Web Desk

  • Updated:

    2025-11-27 07:08:08.0

Published:

27 Nov 2025 9:35 AM IST

ടെലിവിഷൻ ബാർക് തട്ടിപ്പിൽ അന്വേഷണം; പരാതി ലഭിച്ചതായി ഡിജിപി
X

തിരുവനന്തപുരം: കേരളത്തിലെ ടെലിവിഷൻ ബാർക് തട്ടിപ്പിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി. അന്വേഷണത്തിനായി സൈബർ പൊലീസിനെ ചുമതലപ്പെടുത്തി. കെടിഎഫ് പ്രസിഡന്‍റ് ആർ.ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ബാർക് തട്ടിപ്പ് ആദ്യം തുറന്നു കാട്ടിയത് മീഡിയവണാണ്.

ബാർക്കിലെ അശാസ്ത്രീയതയും തട്ടിപ്പും തുറന്നുകാട്ടി മീഡിയവൺ പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൂടുതൽ പരാതികൾ ഉയരുന്നത്. കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്‍റും 24 ചാനൽ മേധാവിയുമായ ആർ. ശ്രീകണ്ഠൻ നായരാണ് ബാർക്കിനെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തുന്നത്.

റേറ്റിങ്ങിൽ കൃത്രിമത്വം നടത്താൻ ബാർക്ക് ഉദ്യോഗസ്ഥൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ശ്രീകണ്ഠൻ നായരുടെ ആരോപണം. മലയാളത്തിലെ മറ്റൊരു ടെലിവിഷൻ ചാനൽ ഉടമയാണ് കൈക്കൂലി നൽകിയത്. ക്രിപ്റ്റോ കറൻസി വഴിയാണ് കൈക്കൂലി നൽകിയതെന്നും ശ്രീകണ്ഠൻ നായർ ആരോപിക്കുന്നു.

കേബിൾ ചാനൽ ഉടമകളെ സ്വാധീനിച്ചും വൻ തുക നൽകിയും ലാൻഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യമുണ്ട്. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ശ്രീകണ്ഠൻ നായർ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പ്രത്യേക സൈബർ ടീമിനെ അന്വേഷണത്തിന് നിയോഗിച്ചതായും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ തുക മുടക്കി വ്യാജ കാഴ്ചക്കാരെ സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. ഇതിനെതിരെ മെറ്റ അടക്കമുള്ളവർക്കും പരാതി ലഭിച്ചിട്ടുണ്ട്.

ബാര്‍ക് തട്ടിപ്പ് ആദ്യം പുറത്തുവിട്ടത് മീഡിയവൺ

ബാർക്ക് കണക്കുകളെക്കുറിച്ച് മീഡിയവൺ ഉന്നയിച്ച സംശയങ്ങൾക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെതുടർന്നായിരുന്നു ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക്കുമായുള്ള ബന്ധം മീഡിയവൺ വിച്ഛേദിച്ചത് . മീഡിയവണിന്റെ ഉയർന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങിൽ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാൻ ബാർക്ക് അധികൃതർക്കായില്ല.

വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് ബാർക്കിൽ നിന്ന് പിന്മാറാനുള്ള മീഡിയവൺ തീരുമാനം. റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിൾ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാർക്കിന്റെ പ്രധാന പ്രശ്നം. ആകെയുള്ള 86 ലക്ഷം ടിവികളിൽ ബാർക്ക് മീറ്ററുള്ളത് വെറും 1500 ൽ താഴെ മാത്രം ഇടങ്ങളിൽ. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉൾക്കൊള്ളുന്ന തരത്തിലല്ല.മാത്രമല്ല, ഈ മീറ്ററുകൾ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണമുണ്ട്.

കോടികൾ വാരിയെറിഞ്ഞ് ലാന്‍ഡിങ് പേജ് സെറ്റ് ചെയ്യുന്നത് മറ്റൊരു പ്രശ്നം. ബാർക്കിന്റെ കണക്കുകൾ അപ്പാടെ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റൽ വഴിയുള്ള വ്യൂവർഷിപ്പ്. മലയാള ചാനലുകളുടെ ലൈവ് യൂട്യൂബ് കാഴ്ചക്കാരിലും നോണ്‍ ലൈവ് കാഴ്ചക്കാരിലും എപ്പോഴും മുൻനിരയിലാണ് മീഡിയവൺ. കഴിഞ്ഞയാഴ്ചയിൽ മാത്രം ആകെ മൂന്ന് കോടി അറുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം കാഴ്ചക്കാർ. എന്നാൽ ബാർക്കിന്റെ പട്ടികയിൽ ഇതിന്റെ അടുത്തുപോലും വരുന്ന സ്ഥാനമില്ല. ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ ബോധ്യം വരുന്ന ഈ അപാകം പരിഹരിക്കാൻ ബാർക്ക് തയ്യാറാകുന്നുമില്ല.

ഈ സാഹചര്യത്തിലാണ് ബാർക്കുമായി ബന്ധം വിച്ഛേദിക്കാൻ മീഡിയവൺ തീരുമാനിച്ചതെന്ന് എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. ‘ഡിജിറ്റലിൽ ഞങ്ങൾ ഒന്നാം സ്ഥാനത്തായിരിക്കുമ്പോൾ ബാർക്കിൽ പത്താം സ്ഥാനത്തായിരിക്കുന്ന പരിപാടിയുടെ പേരാണ് വഞ്ചന,തട്ടിപ്പ്,അക്രമം,നെറികേട്. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാർക്ക്. ആ റേറ്റിങ് വെച്ചിട്ടാണ് കേരളത്തിൽ നാലായിരം മുതൽ അയ്യായി​രം കോടിരൂപയുടെ ബിസിനസ് നടക്കുന്നത്.ആരൊക്കെയാണ് കബളിക്കപ്പെടുന്നത്. മീഡിയവണിന് പതിനൊന്ന് വർഷം നീണ്ട അതിന്റെ പ്രവർത്തന ചരിത്രത്തിലൂടെ കൈവന്നിട്ടുള്ള അതിശക്തമായ പ്രേക്ഷകപിന്തുണയും വിശ്വാസ്യതയും ഉണ്ട്. ബാർക്കിന്റെ ചാർട്ട്കാണിച്ചാൽ പൊട്ടിപ്പോന്നതല്ല ഈ ചാനലും അതിന്റെ പ്രേക്ഷകരും തമ്മിലുള്ള മാധ്യമപ്രവർത്തനത്തിലെ നേരും നന്മയും മുൻനിർത്തിയുള്ള ഉടമ്പടി. അതിനേക്കാൾ വിലമതിക്കുന്നതല്ല ഏത് ഏജൻസിയുടെയും റേറ്റിങ്ങ് ചാർട്ട്. ബാർക്കിന്റെ കണക്കെടുപ്പിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികൾ അതേ പ്ലാറ്റ്ഫോമിൽ നേരിട്ടും ഇ-മെയിൽ വഴിയും മീഡിയവൺ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പ​ക്ഷെ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകുന്ന തരത്തിലുള്ള നടപടി ബാർക്കിൽ നിന്നുണ്ടായിട്ടില്ലെന്നും എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.

TAGS :

Next Story