കേരള യൂണിവേഴ്‌സിറ്റി പ്രൈവറ്റ് രജിസ്‌ട്രേഷൻ; ശ്രീനാരായണ ഓപ്പൺ സർവകലാശാല സർക്കാറിനെ സമീപിക്കും
ഹൈക്കോടതി ഉത്തരവിന്റെയും ഓപ്പൺ സർവകലാശാല നിയമത്തിന്റെയും ലംഘനമാണെന്ന് അധികൃതര്‍

ശ്രീനാരായണ ഓപ്പൺ സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചതിനെതിരെ സർക്കാരിനെ സമീപിക്കാൻ ശ്രീനാരായണ ഓപ്പൺ സർവകലാശാല. കേരള സർവകലാശാലയുടെ തീരുമാനം ഹൈക്കോടതി ഉത്തരവിന്റെയും ഓപ്പൺ സർവകലാശാല നിയമത്തിന്റെയും ലംഘനമാണെന്ന് കാട്ടിയാകും സർക്കാറിനെ സമീപിക്കുക. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് വിഷയം മുഖ്യമന്ത്രിയുടേയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടേയും ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.
ഓപ്പൺ യൂണിവേഴ്‌സിറ്റി ആക്ടിലെ 72ാം വകുപ്പ് പ്രകാരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലക്ക് മാത്രമേ പ്രൈവറ്റ്, വിദൂര കോഴ്‌സുകൾ നടത്താനുള്ള അധികാരമൊള്ളൂ. അതിനാൽതന്നെ ഈ വർഷം മറ്റു സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചിരുന്നില്ല. എന്നാൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് മാത്രം വിദൂര വിദ്യാഭ്യാസം അനുവദിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. പക്ഷേ, കോടതി വിധിയും സർവകലാശാലക്ക് അനുകൂലമായിരുന്നു.
ജനുവരി പത്തിന് പുറപ്പെടുവിച്ച അന്തിമ വിധിയിൽ ഓപ്പൺ സർവകലാശാലക്ക് അനുവദിച്ച കോഴ്‌സുകൾ ഒഴികെയുള്ള കോഴ്‌സുകൾ മാത്രമേ മറ്റ് സർവകലാശാലകൾക്ക് നടത്താൻ പാടുള്ളു എന്നാണ് പറയുന്നത്. ഇതിനിടെയാണ് ഓപ്പൺ സർവകലാശാല നടത്തുന്ന കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തി കേരള സർവകലാശാല നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് കാട്ടിയാണ് ഓപ്പൺ സർവകലാശാല അധികൃതർ സർക്കാരിനെ സമീപിക്കുന്നത്.
കേരളത്തിലെ വിദൂര വിദ്യാഭ്യാസം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മാത്രമാണ് നടത്തേണ്ടതെന്ന സർക്കാർ ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തും. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നേരിട്ട് നിവേദനം നൽകാനാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. കേരള സർവകലാശാലയുടെ വിജ്ഞാപനത്തിന് പിന്നാലെ പ്രവേശനം നേടിയ പല വിദ്യാർഥികളും ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ടി സി ആവശ്യപ്പെട്ടു. നിലവിൽ വിവിധ വിഷയങ്ങളിലായി 5700 വിദ്യാർഥികൾ മാത്രമാണ് ഇവിടെ പ്രവേശനം നേടിയിട്ടുള്ളത്. ഇതിൽനിന്നും കൊഴിഞ്ഞുപോക്കുണ്ടായാൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ നിലനിൽപിനെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് നീക്കത്തിന് പിന്നിൽ.
Adjust Story Font
16

