വീണ്ടും സർവകലാശാലാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കേരള വിസി; നാല് മാസ കാലാവധിക്ക് ശേഷം സെനറ്റ് യോഗം
ഗവർണർക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനൻ കുന്നുമ്മലിന്റെ വിശദീകരണം.

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും ചട്ടങ്ങൾ മറികടന്ന് വിസി മോഹനൻ കുന്നുമ്മൽ. നാല് മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടമാണ് മറികടന്നത്. ജൂൺ 17നാണ് സെനറ്റ് യോഗം അവസാനം ചേർന്നത്. ഇതനുസരിച്ച് ഒക്ടോബർ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. എന്നാൽ ഇത് മറികടന്ന് നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചിരിക്കുകയാണ് വിസി.
ഗവർണർക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനൻ കുന്നുമ്മലിന്റെ വിശദീകരണം. മുമ്പും പലതവണ വിസി ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന പരാതികൾ ഉയർന്നിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്കെതിരെ പൊലീസിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുക വരെയുണ്ടായി. ഇതിനിടെയാണ് പുതിയ ചട്ടലംഘനം.
വിസിയുടെ നീക്കത്തിനെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. സെനറ്റ് യോഗം സംബന്ധിച്ച് വിസി പുറത്തിറക്കിയ കത്ത് സർവകലാശാലാ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിൻഡിക്കേറ്റംഗങ്ങളും സർവകലാശാലയുമായി ബന്ധപ്പെട്ടവരും ചൂണ്ടിക്കാട്ടുന്നു.
ഗവർണറുടെ സൗകര്യം കണക്കിലെടുത്താണെങ്കിലും ചട്ടങ്ങൾ മറികടക്കാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചാൻസിലർ സെനറ്റ് യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും ഇവർ പറയുന്നു. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചാൻസിലറെ കൂടി പങ്കെടുപ്പിച്ച് സിൻഡിക്കേറ്റംഗങ്ങൾക്ക് മറുപടി നൽകാനാണ് വിസിയുടെ നീക്കം.
Adjust Story Font
16

