Quantcast

എന്താവും ജിഎസ്ടി നഷ്ടപരിഹാരം: അനുകൂലമല്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക സ്ഥിതി മോശമായ കേരളത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരം കൂടി നിര്‍ത്തലാക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.

MediaOne Logo

Web Desk

  • Updated:

    2022-06-26 01:23:07.0

Published:

26 Jun 2022 1:21 AM GMT

എന്താവും ജിഎസ്ടി നഷ്ടപരിഹാരം:  അനുകൂലമല്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി
X

തിരുവനന്തപുരം: ജി.എസ്.ടി കൗൺസിൽ യോഗം മറ്റന്നാള്‍ ചേരാനിരിക്കെ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നീട്ടുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകുമോയെന്നതാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മോശമായ കേരളത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരം കൂടി നിര്‍ത്തലാക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.

ഏകീകൃത നികുതി സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അതിന്‍റെ കാലാവധി ഈ മാസം തീരും. കേന്ദ്ര വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം കൂടി നിര്‍ത്തലാക്കിയാല്‍ കേരളം നേരിടാന്‍ പോകുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി.

മെയ് മാസം വരെയുള്ള ജി.എസ്.ടി നഷ്ടപരിഹാരം കൊടുത്ത് തീര്‍ത്ത കേന്ദ്രം ഇനി നല്‍കാനുള്ളത് ഈ മാസത്തെ തുക മാത്രം. കടമെടുത്തും കേന്ദ്രവിഹിതം കൊണ്ടുമാണ് ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പടെയുള്ള പ്രധാന ചെലവു പോലും സംസ്ഥാനത്ത് നടന്നുപോകുന്നത്. കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ കടമെടുക്കുന്നതിനും നിയന്ത്രണം കൊണ്ടുവന്നു. ജി.എസ്.ടി നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകാന്‍ ഇടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നഷ്ടപരിഹാരമില്ലെങ്കിൽ സംസ്ഥാന ജിഎസ്ടി നിരക്കുമാറ്റത്തിന്‌ അവകാശം നൽകണമെന്നാണ് കേരളം ഉള്‍പ്പടെ ആവശ്യപ്പെടുന്നത്. ജിഎസ്ടി കൗൺസിലെടുക്കുന്ന തീരുമാനങ്ങളില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന സുപ്രീംകോടതി വിധി എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതും സര്‍ക്കാര്‍ ആലോചിക്കുകയാണ്.

Summary- Key decisions that are likely to be taken at next week's 47th GST Council meeting

TAGS :

Next Story