ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
ചിലർ ഹാജർ രേഖപ്പെടുത്തിയ ശേഷം സമരത്തിൽ പങ്കെടുക്കുന്നുവെന്നും സർക്കാർ കുറ്റപ്പെടുത്തി

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ കടുത്ത നടപടികളിലേക്കൊരുങ്ങി സര്‍ക്കാര്‍. സമരത്തില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കൈമാറാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഡയ്‌സനോണും പ്രഖ്യാപിച്ചിട്ടുണ്ട്. ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സമരത്തില്‍ പങ്കെടുക്കുന്നുവെന്നും സര്‍ക്കാര്‍ കണ്ടെത്തി.
കെജിഎംസിടിഎയുമായി പല ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ ആക്ഷേപം. നിലവില്‍ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, പണിമുടക്കിലോ സമരത്തിലോ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ കാലയളവില്‍ ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയിരിക്കുയാണ്. എന്നാല്‍, ചിലരെങ്കിലും ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം പണിമുടക്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അത്തരക്കാരുടെ പേരുവിവരങ്ങള്‍ കൃത്യമായി കൈമാറണമെന്നാണ് ജില്ലാ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അഡീഷണല്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കെജിഎംസിടിഎ നിര്‍ത്തിവെച്ചിരുന്നു. ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരാണെന്നാണ് കെജിഎംസിടിഎ ആരോപണം. ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിയമതടസം ഇല്ലെന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായിട്ടുണ്ടെങ്കില്‍ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
Adjust Story Font
16

