Quantcast

'പൊലീസ് കസ്റ്റഡിയിലിരിക്കെ അപകടമുണ്ടാക്കിയ ഥാറിന് തീയിട്ടു'; ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും എംസി റോഡ് ഉപരോധിച്ചു

MediaOne Logo

Web Desk

  • Published:

    20 Jan 2026 7:13 PM IST

പൊലീസ് കസ്റ്റഡിയിലിരിക്കെ അപകടമുണ്ടാക്കിയ ഥാറിന് തീയിട്ടു; ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
X

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും എംസി റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് ബലപ്രയോഗം നടത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ മുന്നിലെ എംസി റോഡാണ് മരിച്ച കുന്നുമ്മൽ സ്വദേശി രജിത്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ഉപരോധിച്ചത്. പൊലീസ് ബലം പ്രയോഗിച്ച് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയോടെ നാട്ടുകാരും ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷമായി.

ഈ മാസം മൂന്നിനായിരുന്നു കിളിമാനൂർ പാപ്പാലയിൽ വച്ച് രജിത്തും ഭാര്യ അംബികയും സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിലെത്തിയ ഥാർ ജീപ്പിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതമായി പരിക്കേറ്റ അംബിക ഏഴാം തീയതി ചികിത്സയിലിരിക്കെ മരിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ രജിത്ത് ആശുപത്രി വിട്ടെങ്കിലും ഇന്നലെ രാത്രി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടൻ ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടിരുന്നു. വാഹനത്തിൽ മദ്യലഹരിയിൽ അവശനായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ഥാർ വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. വാഹനത്തിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ഐഡി കാർഡ് കണ്ടെത്തെയെങ്കിലും പ്രതികളെ 15 ദിവസമായിട്ടും പിടികൂടിയില്ല.

കസ്റ്റഡിയിലെടുത്ത ആളെ സ്റ്റേഷൻ ജാമ്യത്തിലും വിട്ടു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഥാർ വാഹനത്തിന് ആരോ തീയിട്ടതും ദുരൂഹത വർധിപ്പിച്ചു. ഇതോടെയാണ് രജിത്തിൻ്റെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. മരിച്ച ദമ്പതികൾക്ക് അഞ്ചും ഒന്നര വയസ്സും പ്രായമുള്ള രണ്ടു കുട്ടികൾ ഉണ്ട്. ഉന്നത ബന്ധമുള്ള പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് പരാതി.


TAGS :

Next Story