ഇനി ക്യൂ വേണ്ട; ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ രജിസ്ട്രേഷനുള്ള കിയോസ്കുകൾ കൊച്ചി വിമാനത്താവളത്തില്‍ സജ്ജം
ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉള്ളവർക്കും വേണ്ടിയുള്ള ഭാരതസർക്കാരിന്റെ പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP).

കൊച്ചി: ഇനി ക്യൂ വേണ്ട; ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ രജിസ്ട്രേഷനുള്ള കിയോസ്കുകൾ നിലവിൽ വന്നു. ബ്യൂറോ ഓഫ് ഇമ്മിഗ്രേഷന്റെ ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ (FTI-TTP)ഭാഗമായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ (പുറപ്പെടൽ) വെയ്റ്റിംഗ് ഏരിയയിൽ സ്ഥാപിച്ച FTI-TTP രജിസ്ട്രേഷൻ കിയോസ്കിന്റെ ഉൽഘാടനം ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ മേധാവികളും സിയാൽ ഉദ്യോഗസ്ഥരും ചേർന്നു നിർവ്വഹിച്ചു.
ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങൾ നൽകാനും ഈ കിയോസ്കുകൾ വഴി സാധ്യമാകും .
ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർക്കും വേണ്ടിയുള്ള ഭാരതസർക്കാരിന്റെ പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP). ഇതിൽ ഒരുതവണ രജിസ്റ്റർ ചെയ്ത് അംഗമാകുന്നവർക്ക് ഏത് വിദേശ യാത്രയിലും സ്മാർട്ട് ഗേറ്റുകൾ വഴി 20 സെക്കൻഡിനുള്ളിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.
നിലവിൽ കൊച്ചി ഉൾപ്പെടെ രാജ്യത്തെ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
പദ്ധതിയിൽ ചേരുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ www.ftittp.mha.gov.in എന്ന വെബ്സൈറ്റ് വഴി ആവശ്യമായ രേഖകൾ സമർപ്പിക്കണം. രജിസ്ട്രേഷൻ പൂർത്തിയായവർ, ഇന്ത്യയിലെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ നിയുക്ത ഇമ്മിഗ്രേഷൻ കൗണ്ടറുകൾ വഴിയോ തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) വഴിയോ ബയോമെട്രിക് രേഖകൾ (വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതും )രേഖപ്പെടുത്തി എൻറോൾമെന്റ് പൂർത്തിയാക്കാവുന്നതാണ്.
ഇന്ന്(ഓഗസ്റ്റ് 15)നിലവിൽ വന്ന കിയോസകിൽ രജിസ്ട്രേഷനും ഒപ്പം ബയോമെട്രിക് വിവരങ്ങളും തത്സമയം നൽകാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . അപേക്ഷയും നൽകിയ വിവരങ്ങളും പരിശോധിച്ച ശേഷമാണ് അംഗത്വം നൽകുക.
ഈ സൗകര്യം പ്രവാസികൾക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും ഒരുപോലെ സഹായകമാകും. ‘ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി india.ftittp-boi@mha.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ www.boi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
Adjust Story Font
16

