"തിരുട്ടു ഗ്രാമം എന്ന് കേട്ടിട്ടുണ്ട്, തിരുട്ടു ഫാമിലി എന്ന് ആദ്യമായിട്ട് കേൾക്കുകയാ... മുഖ്യമന്ത്രിയുടെത് തിരുട്ടു ഫാമിലിയെന്ന് കെ.എം ഷാജി
‘എട്ട് കമ്യൂണിസ്റ്റുകളെ വെടിവെച്ച് വീഴ്ത്തിയ ആഭ്യന്തരമന്ത്രിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇയാൾ എന്ത് ഇടതുപക്ഷമാണ്. അയാൾ ലെഫ്റ്റാണോ, അല്ല അയാൾ വലതുപക്ഷമാണ്. അതുതന്നെയാണ് അയാൾ തെളിയിച്ചത്’

പിണറായി വിജയൻ,കെ.എം ഷാജി
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റേത് തിരുട്ടു ഫാമിലി എന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. തിരുട്ടു ഗ്രാമം എന്ന് കേട്ടിട്ടുണ്ട്, തിരുട്ടു ഫാമിലി എന്ന് ആദ്യമായിട്ട് കേൾക്കുകയാണ്, എന്തൊരു കക്കലാണിത്. കാസർകോട് നടന്ന പരിപാടയിലായിരുന്നു ആരോപണം.
‘നമ്മളൊക്കെ വിചാരിച്ചു, മകളാണ് മുഖ്യമന്ത്രിയുടെ ലേബലിന് പിറകിൽ നിന്ന് അഴിമതി നടത്തുന്നതെന്ന്. പലരും പറഞ്ഞു മോനെ കുറിച്ച് എവിടെയും കേൾക്കുന്നില്ലല്ലോ എന്ന്. അതാ മോനും വന്നു. മോൻ മാത്രമല്ല മകന്റെ അമ്മോശൻ വേറെ അഴിമതിക്കാരൻ. ഞാൻ തമിഴ്നാട്ടിലൊക്കെ തിരുട്ടുഗ്രാം തിരുട്ട് ഗ്രാമം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഒരു തിരുട്ട് ഫാമിലിയെന്ന് ആദ്യമായിട്ട് കേൾക്കുന്നത് ഈ പിണറായിയുടെ കുടംബമാണ്.
അച്ഛൻ വേറെ,അമ്മ വേറെ,മോള് വേറെ, മോൻ വേറെ, പോരാത്തതിന് മോന്റെ അമ്മോശൻ വേറെ. എന്തൊരു കക്കലാടോ ഇത്, ഒരു മര്യാദവേണ്ടേ. നിങ്ങള് മർദ്ദിതർക്കും ചൂഷകനുമെതിരെയെന്ന് പറയുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ നിന്ന് വന്നവരാണ്. പക്ഷെ അതല്ല, പിണറായി വിജയൻ. എട്ട് കമ്യൂണിസ്റ്റുകളെ പിറകിൽ വെടിവെച്ച് വീഴ്ത്തിയ ആഭ്യന്തരമന്ത്രിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇയാൾ എന്ത് ഇടതുപക്ഷമാണ്. ഒന്ന് പറഞ്ഞേ.ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്ക് ആഹ്വാനം ചെയ്യുമ്പോൾ കരൾ വിറക്കുകയില്ല.അവർ നക്സലൈറ്റാണ്, പക്ഷെ അവർ മാർക്സിനെയും ഏംഗൽസിനെയും അല്ലെ ആരാധിക്കുന്നത്, കമ്യൂണിസമല്ലെ പ്രത്യയശാസ്ത്രം. ചെറിയ വിത്യാസങ്ങൾ ഉണ്ടാകാം. അതിന്റെ പേരിൽ നക്സലൈറ്റുകളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട പിണറായി വിജയന്റെ മനസിനകത്ത് എവിടെയെങ്കിലും കമ്യൂണിസത്തിന്റെ ഒരു ലാഞ്ചനയുണ്ടാകുമോ, അയാൾ ലെഫ്റ്റാണോ, അല്ലഅയാൾ വലതുപക്ഷമാണ്. അതുതന്നെയാണ് അയാൾ തെളിയിച്ചത്’- കെ.എം ഷാജി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി സമൻസ് ലഭിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.. 2023ലാണ് വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. എന്നാൽ വിവേക് കിരൺ ഹാജരായില്ല. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സമൻസ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്.
രേഖകളും തെളിവുകളും ഹാജരാക്കുന്നതിന് വിളിച്ചുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്നതാണ് ഈ വകുപ്പുകൾ. കൊച്ചിയിലെ അസി. ഡയറക്ടറായിരുന്ന പി.കെ ആനനന്ദാണ് നോട്ടീസ് അയച്ചത്. എന്നാൽ, വിവേക് ഹാജരാവാതിരുന്നിട്ടും ഇഡി തുടർനടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരം. അന്ന് രാത്രി ഇതേ ഓഫീസിലാണ് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
അബൂദബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ തേടി യുഎഇ അധികൃതരിൽനിന്ന് ഇഡി അധികൃതർ തേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടെന്ത് സംഭവിച്ചെന്ന് വിവരമില്ല. വിവേകിനുള്ള സമൻസിൽ ഇത് അയച്ചത് കൊച്ചി സോണൽ ഓഫീസിൽ നിന്നാണെന്ന് തെളിയിക്കുന്ന കൃത്യമായ വിവരമുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാകുമ്പോൾ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

