Quantcast

കൊറോണ കാരണം ജോലി പോയപ്പോൾ ഒരു മാസം എനിക്ക് അന്നം തന്നവരാണ് കെഎംസിസി: ഡാബ്സി

താനൊരു മലബാറുകാരനാണെന്നും മലബാറും ആ മണ്ണുമാണ് തന്നെ ഇങ്ങനെയാക്കിയതെന്നും ഡാബ്സി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-12-04 16:57:41.0

Published:

4 Dec 2025 10:15 PM IST

KMCC is the one who fed me for a month when I lost my job due to Corona Says Dabzee
X

കൊറോണക്കാലത്ത് ജോലി പോയപ്പോൾ കെഎംസിസിയാണ് സഹായിച്ചതെന്നും സംഘടന ഒരു മാസം തനിക്ക് അന്നം തന്നെന്നും ഗായകൻ ഡാബ്സി. കെഎംസിസി വലിയൊരു കൂട്ടായ്മയാണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ടെന്നും ഡാബ്സി പറഞ്ഞു. ദുബൈയിൽ‍ കെഎംസിസി സംഘടിപ്പിച്ച ദേശീയദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡാബ്സി.

’മൂന്ന് മൂന്നരക്കൊല്ലം മുമ്പ് ഞാൻ ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ഷാർജയിലും ദുബൈയിലും വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയൊരു കൂട്ടായ്മയാണ്. അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി'- ഡാബ്സി പറഞ്ഞു.

’ജോലി നഷ്ടപ്പെട്ട് ഒരു മാസം ഷാർജയിലായിരുന്നു താമസം. അന്ന് സാമ്പത്തിക പ്രശ്നം, മാനസിക പിരിമുറുക്കം തുടങ്ങിയ സാഹചര്യങ്ങളിലൂടെ ഞങ്ങൾ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്ന സംഘടനയാണ് കെഎംസിസി. അന്ന് റാസൽഖൈമയിൽ കെഎംസിസിയുടെ ചാർട്ടഡ് ഫ്ലൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് ഈ കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’- ഡാബ്സി വിശദമാക്കി.

താൻ ഇതുപോലെ ഈ വേദിയിൽ നിൽക്കുന്നുണ്ടെങ്കിൽ നിങ്ങളെല്ലാവരുമാണ് അതിന് കാരണമെന്നും താനൊരു മലബാറുകാരനാണെന്നും മലബാറും ആ മണ്ണുമാണ് തന്നെ ഇങ്ങനെയാക്കിയതെന്നും ഡാബ്സി കൂട്ടിച്ചേർത്തു.

നേരത്തെ, ഒരു വർഷം ഇടവേളയെടുക്കുകയാണന്ന് ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർ​ഗത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നും ഡാബ്സി പറഞ്ഞിരുന്നു. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്നും ഡാബ്സി അറിയിച്ചു.

ഡാബ്‌സി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഫാസിൽ, 2022ൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന ചിത്രത്തിലെ മണവാളൻ തഗ് എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയനായത്. ആവേശം സിനിമയിലെ ഇല്ലുമിനാറ്റി, മലബാറി ബാങ്ങർ, കൊത്ത രാജ എന്നീ ഗാനങ്ങളും ശ്രദ്ധ നേടിയവയാണ്.

TAGS :

Next Story