Quantcast

ലീഗിനെ പുകഴ്ത്തി ഇത്തവണയും മൂന്നാം സീറ്റ് നിഷേധിക്കരുത്: ലീഗ് പ്രവർത്തക സമിതി അംഗം പുത്തൂർ റഹ്‌മാൻ

"മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളോടൊപ്പം ചേർന്ന് നിൽക്കാൻ പലപ്പോഴും 'മുഖ്യധാര മതേതര' കക്ഷികൾ മടികാട്ടുമ്പോൾ, "ഒന്നുമില്ലെങ്കിലും ഞങ്ങൾക്ക് ഒരുമിച്ച് കരയാനെങ്കിലും ഒരു വേദി വേണമെന്ന്" ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ്‌ അന്ന് പറഞ്ഞതിന്റെ പ്രസക്തി കൂടുതൽ വെളിവാകുകയാണ്." - പോസ്റ്റിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    15 Feb 2024 3:14 PM IST

ലീഗിനെ പുകഴ്ത്തി ഇത്തവണയും മൂന്നാം സീറ്റ് നിഷേധിക്കരുത്: ലീഗ് പ്രവർത്തക സമിതി അംഗം പുത്തൂർ റഹ്‌മാൻ
X

യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്നതിനിടെ, ഇത്തവണയെങ്കിലും മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നിഷേധിക്കരുതെന്നാവശ്യപ്പെട്ട് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പുത്തൂർ റഹ്‌മാൻ. കെ.എം.സി.സി യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കൂടിയായ പുത്തൂർ റഹ്‌മാൻ ലീഗിന്റെ മൂന്നാം സീറ്റ് അർഹത സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ലീഗിന് മൂന്ന് സീറ്റിന് അർഹതയുണ്ടെന്ന കാര്യം കോൺഗ്രസിനു തന്നെ അറിയുന്നതാണെന്നും എപ്പായ്‌പോഴത്തെയും പോലെ പാർട്ടിയെ പുകഴ്ത്തി സീറ്റ് നിഷേധിക്കരുതെന്നും പുത്തൂർ റഹ്‌മാൻ പറയുന്നു.

'സംഘശക്തിയും സംഘടനാബലവും നിലവിലെ രാഷ്ട്രീയ പ്രാധാന്യവും വെച്ചുനോക്കിയാൽ നാലോ അതിലധികമോ സീറ്റുകളിൽ മത്സരിക്കാനുള്ള അർഹത ലീഗിനുണ്ട്. കേവലം രണ്ട് എം.എൽ.എ മാത്രമുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും എം.എൽ.എ പോലുമില്ലാത്ത ആർ.എസ്.പിക്കും ഓരോ പാർലമെന്റ് സീറ്റ് അനുവദിക്കുമ്പോൾ 15 എം.എൽ.എമാരും ആയിരക്കണക്കിന് ജനപ്രതിനിധികളുമുള്ള ലീഗിന് കേവലം രണ്ട് സീറ്റ് മാത്രമാണ് ലഭിക്കുന്നത്.' പുത്തൂർ റഹ്‌മാന്റെ പോസ്റ്റിൽ പറയുന്നു. മോദി ഭരണകൂടം മൂന്നാം തവണയും അധികാരം പിടിക്കാൻ ശ്രമിക്കുമ്പോൾ മുസ്ലിം അതിജീവനം ദിനംപ്രതി ദുഷ്‌കരമാവുകയാണെന്നും മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങൾക്കൊപ്പം നിൽക്കാൻ മുഖ്യധാരാ മതേതര കക്ഷികൾ മടികാട്ടുകയാണെന്നും അദ്ദേഹം പറയുന്നു.

ലീഗിന് മൂന്ന് സീറ്റിന് അർഹതയുണ്ടെന്ന കാര്യം സമ്മതിക്കുന്ന കോൺഗ്രസ് ഇത്തവണയെങ്കിലും അത് വകവെച്ചു നൽകണമെന്നും അവകാശം ചോദിക്കുന്ന ഘടകകക്ഷിയോട് മുഖം തിരിക്കുന്ന അവിവേകം യു.ഡി.എഫ് നേതൃത്തിൽ നിന്നുണ്ടാകരുതെന്നും അഭ്യർത്ഥിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

മൂന്നാം സീറ്റ് ഔദാര്യമല്ല, മുസ്‌ലിം ലീഗിന്റെ അവകാശമാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പ് ആഗതമാവുമ്പോഴെല്ലാം സജീവമാകുന്ന ചർച്ചയാണ് "മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ്". സംഘശക്തിയും സംഘടനാബലവും നിലവിലെ രാഷ്ട്രീയ പ്രാധാന്യവും വെച്ചുനോക്കിയാൽ നാലോ അതിൽ കൂടുതലോ സീറ്റുകളിൽ മത്സരിക്കുവാനുള്ള ന്യായമായ അർഹത തീർച്ചയായും മുസ്‌ലിം ലീഗിനുണ്ട്. 1962ൽ കോൺഗ്രസിനോടും കമ്മ്യൂണിസ്റ്റ് പാർട്ടിയോടും ഒറ്റയ്ക്ക് മത്സരിച്ച് രണ്ട് പാർലമെന്റ് സീറ്റുകൾ നേടിയ മുസ്‌ലിം ലീഗിന്, ആറു പതിറ്റാണ്ടുകൾക്കിപ്പുറം ഐക്യ ജനാധിപത്യ മുന്നണിയിലെ നിർണായക കക്ഷിയായി നിലകൊള്ളുമ്പോഴും രണ്ട് സീറ്റിലധികം മത്സരിക്കാൻ അവസരം ലഭിക്കുന്നില്ല എന്ന വസ്തുത ഖേദകരമാണ്.

കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ പ്രാധാന്യവും മുന്നണി ബലതന്ത്രത്തിൽ മുസ്ലിം ലീഗിന്റെ സ്ഥാനവും ചെറുതല്ല. കേവലം രണ്ട് MLA മാത്രമുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഒരു MLA പോലുമില്ലാത്ത RSPക്കും ഓരോ പാർലമെന്റ് സീറ്റ് വീതം അനുവദിക്കുമ്പോൾ, 15 MLAമാരും ആയിരകണക്കിന് ജനപ്രതിനിധികൾ ത്രിതല പഞ്ചായത്ത്/മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലുള്ള മുസ്‌ലിം ലീഗിന് കേവലം രണ്ട് സീറ്റുകളിൽ മാത്രമാണ് മത്സരിക്കാൻ അവസരം കിട്ടുന്നത്. ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുന്നില്ല എന്നതാണ് വാസ്തവത്തിൽ ഔദാര്യം.

ഇടതുമുന്നണിയിൽ സംഘടന ശക്തിയിൽ മുസ്‌ലിം ലീഗിനേക്കാൾ എത്രയോ പിന്നിലുള്ള സി.പി.ഐക്ക് ലഭിക്കുന്നത് 4 സീറ്റുകളാണ് എന്ന വസ്തുത കൂടി കണക്കിലെടുത്താൽ മുസ്‌ലിം ലീഗിനു കൂടുതൽ സീറ്റുകൾ എന്നതാണ് നീതിയെന്നും അത് ലീഗിന്റെ അവകാശമാണെന്നും ആർക്കും മനസ്സിലാവും.

മോഡി ഭരണകൂടം മൂന്നാമൂഴത്തിന് ആയുധം മൂർച്ച കൂട്ടുന്ന ഇന്ത്യയിൽ, മുസ്‌ലിം അതിജീവനം ദിനംപ്രതി ദുഷ്കരമാവുന്ന വർത്തമാനകാല സാഹചര്യത്തിൽ, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി കൂടി വരുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളോടൊപ്പം ചേർന്ന് നിൽക്കാൻ പലപ്പോഴും 'മുഖ്യധാര മതേതര' കക്ഷികൾ മടികാട്ടുമ്പോൾ, "ഒന്നുമില്ലെങ്കിലും ഞങ്ങൾക്ക് ഒരുമിച്ച് കരയാനെങ്കിലും ഒരു വേദി വേണമെന്ന്" ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ്‌ അന്ന് പറഞ്ഞതിന്റെ പ്രസക്തി കൂടുതൽ വെളിവാകുകയാണ്.

അതുകൊണ്ട് കേരളത്തിലെ പ്രിയ കോൺഗ്രസ് നേതൃത്വത്തോട് ഉണർത്താനുള്ളത്, എല്ലാ പ്രാവശ്യത്തേയും പോലെ മുസ്‌ലിം ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് പരസ്യമായി സമ്മതിച്ചും ലീഗിന്റെ രാഷ്ട്രീയ ബലത്തെ പുകഴ്ത്തിയും സീറ്റ് തരാതിരിക്കുന്ന നിലപാട് ഇത്തവണ ആവർത്തിക്കരുതെന്നാണ്. നിങ്ങൾ തന്നെ അംഗീകരിക്കുന്ന ന്യായമായ അർഹത മാത്രമാണ് മുസ്‌ലിം ലീഗ് നേതൃത്വവും അണികളും ആവശ്യപ്പെടുന്നത്. അവകാശം ചോദിക്കുന്ന ഘടകകക്ഷിയോട് മുഖം തിരിക്കുന്ന അവിവേകം യു.ഡി.എഫ് നേതൃത്വത്തിൽ നിന്ന് ഇത്തവണയും ഉണ്ടാവാതിരിക്കട്ടെ എന്നാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ വിനീതമായ അഭ്യർത്ഥന.

Next Story