സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ
തന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു

കൊച്ചി: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണൻ. പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന രാഷ്ട്രീയ പ്രവർത്തകനാണ് താൻ. ഒരു പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതിൽ നിസ്വാർഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്‌നേഹവും കരുണയും ഒക്കെ ചേരുന്നത് വഴിയാണ് നിയമസഭാംഗം പോലുള്ള ഒരു പദവിയിലേക്ക് ഒരു പ്രവർത്തകൻ നടന്നുകയറുന്നതിന് വഴിതെളിയിക്കുന്നത്. പലവിധത്തിലുള്ള പ്രതിസന്ധികളും ദുർഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുമാണ് താൻ ഇവിടം വരെയെത്തിയത്. രാഷ്ട്രീയ എതിരാളികളുടെ പോലും സ്‌നേഹവും ബഹുമാനവും തന്റെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്.
എന്നാൽ നിക്ഷിപ്തമായ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ വേണ്ടിമാത്രം വ്യക്തിപരമായി പകപോക്കുന്നതിനും തന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താനും സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ട്. സി.കെ ഗോപാലകൃഷ്ണൻ, ചെട്ടിശ്ശേരിയിൽ എന്ന മേൽവിലാസം ഉള്ള വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് പേരുകൾ വെക്കാതെ എന്നാൽ ഊഹത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ മനസ്സിലാക്കാൻ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ദിനപത്രങ്ങളിലും ഓൺലൈൻ ചാനലുകളിലും പേരും തന്റെ ഫോട്ടോയും പതിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിൽ, തകർക്കുന്നതിൽ അതിന്റെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീർത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികൾ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രമാണ്. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ ഉയർത്തെഴുന്നേൽപിക്കാനും ജീർണതയുടെ അഗാധ ഗർത്തങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണെന്നും കെ.എൻ ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Adjust Story Font
16

