കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു
കുടുംബപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ വി. വേണു

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനും പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്നും രാജിവെച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പദവിക്ക് പുറമെ ട്രസ്റ്റി ബോർഡ് അംഗത്വവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. കുടുംബപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ വി. വേണു അറിയിച്ചു.
2012-ൽ ആർട്ടിസ്റ്റ് റിയാസ് കോമുവിനൊപ്പമാണ് ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെയ്ക്ക് തുടക്കമിട്ടത്. ആദ്യ പതിപ്പിന്റെ ക്യൂറേറ്റർമാരിൽ ഒരാളും അദ്ദേഹമായിരുന്നു. പിന്നീട് റിയാസ് കോമു ബിനാലെയുടെ ചുമതലകൾ ഒഴിഞ്ഞിരുന്നു.
എറണാകുളം അങ്കമാലി മഗട്ടുക്കര സ്വദേശിയായ ബോസ് മുംബൈ ജെജെ സ്കൂൾ ഓഫ് ആർട്ടിലാണ് പഠനം പൂർത്തിയാക്കിയത്. കേരള ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഡൽഹി കോളേജ് ഓഫ് ആർട്ടിൽ നിന്നുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അദ്ദേഹം നേടിയ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
2025 ഡിസംബറിൽ ആരംഭിച്ച ബിനാലെയുടെ അഞ്ചാം പതിപ്പ് പുരോഗമിക്കെയാണ് ഈ അപ്രതീക്ഷിത പടിയിറക്കം. ബിനാലെയിൽ പ്രദർശിപ്പിച്ച ടോം വട്ടക്കുഴിയുടെ ഒരു ചിത്രം ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബോസിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.
Adjust Story Font
16

