പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി; ഇന്ന് കൊച്ചിൻ കാർണിവൽ
എറണാകുളം ജില്ലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ

കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഫോർട്ട് കൊച്ചി. കൊച്ചിൻ കാർണിവൽ ഇന്ന്. ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെയാണ് കാർണിവൽ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പരേഡ് ഗ്രൗണ്ടിലും വെളിഗ്രൗണ്ടിലുമായി കൂറ്റൻ രണ്ട് പാപ്പാഞ്ഞിമാർ ആണ് ഇത്തവണ പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നത്. ക്രിസ്തുമസ് ദിനത്തിൽ കൺതുറന്ന മഴ മരം കാണാനും ഫോർട്ട് കൊച്ചിയിലേക്ക് ആളുകളുടെ ഒഴുക്ക് തുടരുകയാണ്. ആഘോഷങ്ങൾക്ക് എത്തുന്ന ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക പറഞ്ഞു
1200 പൊലീസുകാരാണ് പരേഡ് ഗ്രൗണ്ടിലും വെള്ളി ഗ്രൗണ്ടിലും ആയി സുരക്ഷ ഒരുക്കുക. പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗതനിയന്ത്രണം, സിസിടിവി സംവിധാനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന അടക്കം വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണയുമുള്ളത്. തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്,വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ്, കൊച്ചി മെട്രോ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങൾ ഉണ്ടാകും. കെഎസ്ആർടിസിയും സ്‌പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസ്സുകളും അധിക സർവീസും നടത്തും.
ഫോർട്ടുകൊച്ചി കൂടാതെ കാക്കനാട് പള്ളുരുത്തി മലയാറ്റൂർ തുടങ്ങിയ മേഖലകളിലും ഇത്തവണ വിപുലമായ പുതുവത്സര ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്.
Adjust Story Font
16

