Quantcast

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്‍റെ അന്തിമാനുമതി ലഭിച്ചില്ല

കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെട്ട്, ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയ്ക്കാണ് ഈ അവസ്ഥ

MediaOne Logo

Web Desk

  • Published:

    20 Jun 2022 2:02 AM GMT

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്‍റെ അന്തിമാനുമതി ലഭിച്ചില്ല
X

കൊച്ചി: കൊച്ചിയിൽ മെട്രോ ആരംഭിച്ചു 5 വർഷം പിന്നിടുമ്പോഴും രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്‍റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെട്ട്, ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയ്ക്കാണ് ഈ ദുർവിധി. പദ്ധതിയുടെ അനുമതിയ്ക്ക് തടസമൊന്നും കാണുന്നില്ലെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ മീഡിയവണിനോട് പറഞ്ഞു.

രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് ബജറ്റിലടക്കം തുക വകയിരുത്തിയെങ്കിലും അന്തിമ അനുമതി എന്ന കടമ്പ ഇതുവരെ കടന്നിട്ടില്ല. ഇതിന് ശേഷം മന്ത്രിസഭയുടെ പരിഗണനയിൽ എത്തിയ കാൻപൂർ, നാഗ്പൂർ മെട്രോകൾക്കും കേന്ദ്രസർക്കാർ അനുമതി നൽകി. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനുള്ള റോഡ് വീതി കൂട്ടൽ ഉൾപ്പെടെയുള്ള പ്രാരംഭ ജോലികൾ നടക്കുന്നുണ്ടെങ്കിലും കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ് കെഎംആർഎൽ.

11.2 കിലോ മീറ്ററാണ് രണ്ടാം ഘട്ടത്തിന്റെ ദൈർഘ്യം. 11 സ്റ്റേഷനുകൾ ഉൾപ്പെടുന്ന പദ്ധതിയ്ക്ക് 2300 കോടി രൂപ ചെലവ് വരും. ഇതിനോടകം 45 ശതമാനം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. ബാക്കിയുള്ള സ്ഥലം ഏറ്റെടുക്കലിനുള്ള പണം സംസ്ഥാന സർക്കാർ അനുവദിച്ചു കഴിഞ്ഞു. അത് കിട്ടിയാൽ സ്ഥലം ഏറ്റെടുക്കൽ പൂർണമായി പൂർത്തിയാക്കാൻ കഴിയും. പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള റോഡിന്‍റെ വീതി കൂട്ടലും പുരോഗമിക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ചാൽ 23 മാസം കൊണ്ട് രണ്ടാം ഘട്ടം പൂർത്തീകരിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെ തനിയെ ചെയ്ത പരിചയവും ഇക്കുറി കെഎംആര്‍എല്ലിനുണ്ട്.

TAGS :

Next Story