Quantcast

കൊടകര കുഴൽപ്പണക്കേസ് വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു

കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-24 02:03:32.0

Published:

24 March 2024 1:18 AM GMT

Kodakara Black money case is once again a political debate
X

കൊച്ചി: കൊടകര കുഴൽപ്പണക്കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. ബിജെപി പ്രവർത്തകരിൽനിന്ന് മൂന്നരക്കോടി പിടിച്ച വിവരം കേരള പൊലീസ് കൈമാറിയിട്ടില്ലെന്ന ആദായ നികുതി വകുപ്പിന്റെ പ്രതികരണത്തോടെയാണ് ഈ വിഷയം സജീവമായത്. പണം പിടികൂടിയ കാര്യം രണ്ട് പ്രാവശ്യം അറിയിച്ചുവെന്ന് കേരള പൊലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ പറയുമ്പോഴാണ് കേന്ദ്ര ഏജൻസിയുടെ വിരുദ്ധ നിലപാട്.

2021 ഏപ്രിൽ നാലിനാണ് തൃശൂർ കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച ബിജെപിയുടെ പണമാണ് മൂന്നരക്കോടിയെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 23 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ ആദ്യഘട്ടത്തിൽ തകൃതിയായി നടത്തിയ അന്വേഷണം പിന്നീട് മന്ദഗതിയിലായി. വൈകാതെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. പിന്നാലെ പ്രതികളെല്ലാം ജാമ്യത്തിൽ ഇറങ്ങി. ഇത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപണം. ഇതിനിടയിലാണ് കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ വിരുദ്ധ നിലപാട്. പണം പിടികൂടിയത് സംബന്ധിച്ച് രണ്ടുപ്രാവശ്യം ആദായ നികുതി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ അറിയിച്ചുവെന്നും പിന്നീട് വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കൈമാറിയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വി കെ രാജു പറയുന്നത്. എന്നാൽ പണം കണ്ടെടുത്തതായി അറിവില്ലെന്നാണ് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ദിബ് ജ്യോതിദാസിന്റെ മറുപടി. അതേസമയം, കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ചു.

കൊടകര കുഴൽപ്പണക്കേസിൽ മൂന്നു വർഷമായിട്ടും പൂർണ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ആദായ നികുതി വകുപ്പിന്റെ പ്രതികരണത്തോടെ കേസിലെ ദുരൂഹത വീണ്ടും വർധിക്കുകയാണ്. എൽഡിഎഫിനെയും ബിജെപിയെയും അടിക്കാനുള്ള വടി കൂടിയാണ് ഇതോടെ യുഡിഎഫിന് ലഭിച്ചത്.



TAGS :

Next Story