കൂടത്തായി കൂട്ടക്കൊലക്കേസ്: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം
റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റെ ഹെഡായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയത്.
ജോളിയുടെ ആദ്യ ഭർത്താവ് ആണ് റോയ് തോമസ്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസിന്റെ വിചാരണയിലാണ് സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്.
കൂടത്തായിയിൽ 2002 മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16

