കൂത്താട്ടുകുളം കൗൺസിലർ കലാ രാജു ഇന്ന് രഹസ്യമൊഴി നൽകില്ല; ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വിശദീകരണം
എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

കൊച്ചി: കൂത്താട്ടുകുളം കൗൺസിലർ കലാ രാജു ഇന്ന് രഹസ്യമൊഴി നൽകില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകാനായിരുന്നു നിർദേശം. നിലവിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ കോലഞ്ചേരിയിലെത്തി മൊഴി നൽകാനാവില്ലെന്ന് കലാ രാജു മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണമുയർന്നത്. സ്വന്തം പാർട്ടിക്കാർ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ വി. മോഹൻ, പാർട്ടി പ്രവർത്തകരായ ടോണി ബേബി, റിൻസ് വർഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്.
Adjust Story Font
16

