Quantcast

കെട്ടിടത്തിൽ ആളില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു; യന്ത്രസാമഗ്രികളെത്തിച്ച് തിരച്ചിൽ നടത്താനും വൈകിയെന്ന് പരാതി

ജീവൻ പോലും അപകടത്തിൽ പെടാവുന്ന സാഹചര്യമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു

MediaOne Logo

Web Desk

  • Published:

    3 July 2025 3:12 PM IST

കെട്ടിടത്തിൽ ആളില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു; യന്ത്രസാമഗ്രികളെത്തിച്ച് തിരച്ചിൽ നടത്താനും വൈകിയെന്ന് പരാതി
X

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് പതിനാലാം വാര്‍ഡിലെ കെട്ടിടം തകര്‍ന്നുവീണ് മണിക്കൂറുകൾക്ക് ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അത്യന്തം ഭീതിജനകമായ അന്തരീക്ഷമായിരുന്നുവെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്. ജീവൻ പോലും അപകടത്തിൽ പെടാവുന്ന സാഹചര്യമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. കട്ടിൽ സഹിതമാണ് കുടുങ്ങിയവരെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചത്.

അതിനിടെ അത്യാഹിത വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് രോഗികളോട് അത്ര നല്ല രീതിയലല്ല പെരുമാറിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കെട്ടിടത്തിന്‍റെ ശോചനീയവാസ്ഥ ഗുരുതരമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആളുകൾ ആരോപിക്കുന്നു. കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്‍റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് തിരച്ചിൽ നടത്തിയത്. തുടര്‍ന്ന് ഒരു മണിയോടെ ഇവരെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. യന്ത്ര സാമഗ്രികളെത്തിക്കാനും കാലതാമസമുണ്ടായിയെന്നും ആരോപണമുണ്ട്.

രക്ഷാപ്രവർത്തനം വൈകിയെന്ന് ബിന്ദുവിന്‍റെ ബന്ധു ആരോപിച്ചു. പൊലീസിലും മാധ്യമങ്ങളിലും അറിയിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്. അതുവരെ ബിന്ദുവിന് വേണ്ടിയുള്ള തിരച്ചിൽ നടത്തിയില്ല. ആരും കുടുങ്ങിയിട്ടില്ലെന്നാണ് മന്ത്രിമാർ അടക്കം പറഞ്ഞത്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച പറ്റിയെന്നും ഗിരീഷ് പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ പറഞ്ഞത്.

മകളുടെ ശസ്ത്രക്രിയക്കാണ് ബിന്ദു ആശുപത്രിയിലെത്തിയത്. ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.

മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായാണ് തകർന്ന് വീണ പതിനാലാം വാർഡിന്‍റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് സൂചന. തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്. തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയും ആണ് ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർഥിനിയാണ് . മകൻ നവനീത് എറണാകുളത്ത് സിവിൽ എഞ്ചിനിയറാണ്.


TAGS :

Next Story