കോട്ടയം ഷാന്‍ വധക്കേസ്; കൂട്ടുപ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
പിടിയിലായ ജോമോനെ കോടതിയിലും ഹാജരാക്കും

കോട്ടയം ഷാൻ വധക്കേസിലെ കൂട്ടുപ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പിടിയിലായ ജോമോനെ കോടതിയിലും ഹാജരാക്കും. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നു.
ഷാനെ തട്ടിക്കൊണ്ടു പോകാനും മർദിച്ച് കൊലപ്പെടുത്താനും ജോമോനൊപ്പം ബാക്കിയുള്ള നാല് പേരും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ നാല് പേരിൽ ഒരാളെയാണ് ഷാനിന്‍റെ സുഹൃത്ത് മർദിച്ചത്. പ്രതികൾ എല്ലാവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. പിടിയിലായ ഓട്ടോ ഡ്രൈവറെയും മുഖ്യപ്രതി ജോമോനെയും ചോദ്യം ചെയ്തതിൽ നിന്നാണ് ബാക്കിയുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. നാല് പേരുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരുടെ തെളിവെടുപ്പും ഇന്ന് ഉണ്ടാകും. ജോമോനെ കോടതിയിൽ ഹാജരാക്കും. അതേസമയം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നു. കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണം നടത്താനുള്ള നിർദേശം അതത് സ്റ്റേഷനുകൾക്ക് നല്‍കി. കൂടാതെ ഓപ്പറേഷൻ കാവലും ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

