Quantcast

കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം; മാനദണ്ഡം പാലിക്കാതെയുള്ള വിഭജനം രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് പ്രതിപക്ഷം

മാനദണ്ഡങ്ങള്‍ അട്ടിമറിച്ച വാർഡ് വിഭജനത്തിനെതിരെ യുഡിഫ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഈ മാസം അവസാനം വിധി പറയും

MediaOne Logo

Web Desk

  • Published:

    25 Sept 2025 8:52 AM IST

കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം; മാനദണ്ഡം പാലിക്കാതെയുള്ള വിഭജനം രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് പ്രതിപക്ഷം
X

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്‍ വാർഡ് വിഭജനത്തില്‍ വന്‍ അശാസ്ത്രീയത.3,000 വോട്ടർമാരുള്ള വാർഡുകളും 12,000 വോട്ടർമാരുള്ള വാർഡുംകോർപേറഷനിലുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് വാർഡ് വിഭജിച്ചതെന്നാണ് പ്രതിപക്ഷ വിമർശനം. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന നടപടികളെന്നാണ് കോർപറേഷന്റെ വിശദീകരണം.

കോഴിക്കോട് കോർപറേഷനിലെ നടക്കാവ് വാർഡിലെ വോട്ടര്‍മാരുടെ എണ്ണം 3098 ആണ്. ഇതേ കോർപറേഷനിലെ മറ്റൊരു വാർഡായ മുഖദാറിലെ വോട്ടർമാരുടെ എണ്ണം 12400 ഉം കോഴിക്കോട് കോർപറേഷനിലെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയത എടുത്തു കാണിക്കുന്നതാണ് ഈ താരമത്യം.

നടക്കാവ്, മാവൂർ റോഡ്, കുറ്റിയില്‍താഴം, കാരപറമ്പ് എന്നീ വാർഡുകളിലെ വോട്ടർമാരുടെ എണ്ണം 4000 ത്തില്‍ താഴെയാണ്.എന്നാല്‍ മുഖദാറില്‍ 12000 ഉം കുറ്റിച്ചിറ, ബേപൂർ, മാറാട് വാർഡുകളില്‍ 10000ത്തോളമാണ് വോട്ടർമാർ. 4000 വോട്ടർമാരുടെ 10 വാർഡുകളും 5000 വോട്ടുള്ള 22 വാർഡുകളും കോർപറേഷന്റ തന്നെ ഭാഗമാണ്.

ജനസാന്ദ്രത പരിഗണിക്കാതെ വീടുകളുടെ എണ്ണം മാത്രം പരിഗണിച്ചതാണ് വലിയ അന്തരത്തിന് കാരണം ശരാശരി 2223 വീടുകള്‍ എന്നതായിരുന്ന മാനദണ്ഡം.എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ചില വാർഡുകളില്‍ മൂവായിരത്തോളം വീടുകളുണ്ടെങ്കില്‍ ചില വാർഡുകളില്‍ 1500 ല്‍ താഴെ വീടുകളേയുള്ളൂ. സി പി എമ്മിന്‍റെ രാഷ്ട്രീയ താല്‍പര്യം മാത്രമാണ് പരിഗണിക്കപ്പെട്ടതെന്നാണ് പ്രതിപക്ഷ വിമർശനം.

ഡീ ലിമിറ്റേഷന്‍ കമ്മീഷന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോസ്ഥരാണ് വാർഡ് വിഭജന നടപടികളെടുത്തതെന്നും സി പി എമ്മും പരാതി ഉന്നയിച്ചിട്ടുണ്ടെന്നും കോർപറേഷന്‍ അധികൃതർ പറയുന്നു. മാനദണ്ഡങ്ങള്‍ അട്ടിമറിച്ച വാർഡ് വിഭജനത്തിനെതിരെ യുഡിഫ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഈ മാസം അവസാനം വിധി പറയും. മൂവായിരത്തോളം വോട്ടർമാരുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു കൗൺസിലറുള്ള അതേ കോർപറേഷനില്‍ തന്നെയാണ് 12000 ത്തിലധികം വോട്ടർമാർക്കും ഒരു കൗണ്‍സിലറുള്ളത്. രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം ജനങ്ങളുടെ അവകാശങ്ങള്‍ പരിഗണനയായി മാറുന്നില്ല എന്നതാണ് യാഥാർഥ്യം.


TAGS :

Next Story