Quantcast

കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം തുണച്ചത് ബിജെപിയെ; സിപിഎം, ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ്

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 648 വോട്ട് മാത്രം കൂടുതല്‍ നേടിയ ബിജെപി 6 സീറ്റ് അധികം നേടിയത് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    22 Dec 2025 8:22 AM IST

കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം തുണച്ചത്  ബിജെപിയെ; സിപിഎം, ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ്
X

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ വാർഡ് വിഭജനം ബിജെപിയെ തുണച്ചെന്ന ആരോപണം ബലപ്പെടുത്തി വോട്ട് കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 648 വോട്ട് മാത്രം കൂടുതല്‍ നേടിയ ബിജെപി 6 സീറ്റ് അധികം നേടിയത് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി. യുഡിഎഫ് അനുകൂല സീറ്റുകൾ വിഭജിച്ച് സിപിഎം ബിജെപിക്ക് വഴിയൊരുക്കിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് ആരോപിച്ചു.

കോണ്‍ഗ്രസ് സ്ഥിരമായി ജയിക്കുന്ന ചാലപ്പുറം വാർഡിലെ മൂവായിരത്തോളം യുഡിഎഫ് അനുകൂല വോട്ടുകള്‍ മുഖദാറിലേക്ക് മാറ്റി ചാലപ്പുറത്തെ ബിജെപി അനുകൂലമാക്കി മാറ്റിയെന്ന് മീഡിയവണ്‍ തെരഞ്ഞെടുപ്പിന് മുമ്പെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ 734 വോട്ട് കിട്ടിയ ബി ജെ പി സ്ഥാനാർഥിയാണ് ജയിക്കുന്നത്.

സമാനമാണ് മാവൂർ റോഡ് വാർഡിന്‍റെ അവസ്ഥ. കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ വലിയങ്ങാടി വിഭജിച്ചാണ് മാവൂർ റോഡ് വാർഡാക്കിയത്. വലിയങ്ങാടിയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ മറ്റൊരു യുഡിഎഫ് വാർഡായ കുറ്റിച്ചിറയിലേക്ക് മാറ്റി. ഫലം മാവൂർ റോഡില്‍ 733 വോട്ട് നേടിയ ബിജെപി സ്ഥാനാർഥി ജയിച്ചു.

പന്നിയങ്കര വാർഡിലെ യുഡിഎഫ് അനുകൂല ഭാഗങ്ങള്‍ കല്ലായിയിലേക്ക് മാറ്റിയതും ബിജെപിക്ക് തുണയായി. ബിജെപി യുടെ സിറ്റിങ് വാർഡായ കാരപറമ്പിലെ യുഡിഎഫ് അനുകൂല വോട്ട് ചക്കരോത്തുകളത്ത് മാറ്റി ബിജെപി സഹായിച്ചുവെന്നും ആരോപണമുണ്ട്.

ബിജെപി പുതുതായി 6 വാർഡ് വിജയിച്ചപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ആകെ വർധിച്ചത് 648 വോട്ട് മാത്രമാണ്. എന്നാല്‍ യുഡിഎഫിന് 18000 ത്തിലധികം വോട്ട് വർധിച്ചു. സിപിഎമ്മിന് 18000 വോട്ടിന്‍റെ കുറവുണ്ടായി. ബിജെപി ജയിച്ച വാർഡുകളില്‍ നല്ലൊരു ഭാഗം 4000 വോട്ടിന് താഴെയുള്ളവയാണ്. എന്നാല്‍ യുഡിഎഫ് വാർഡുകളില്‍ 12000 വരെ വോട്ടുള്ളവയുണ്ട്. വാർഡ് വിഭജനം ഉദ്യോഗസ്ഥ നടപടിയാണെന്നും രാഷ്ട്രീയ ഇടപെടലില്ലെന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കോഴിക്കോട് കോർപറേഷനിലെ ബിജെപി സീറ്റു വർധനയില്‍ വാർഡ് വിഭജനം നിർണായക പങ്കുവഹിച്ചു എന്ന് തെളിയിക്കുന്നതാണ് വോട്ടു കണക്കുകള്‍.

TAGS :

Next Story