ഡീപ് ഫേക്ക് പണം തട്ടിപ്പ്: മുഖ്യപ്രതി കൗശൽ ഷാ റിമാന്‍ഡില്‍, ഡല്‍ഹി ജയിലിലേക്ക്
കോഴിക്കോട് സിറ്റി സൈബർ പൊലീസ് സംഘം ചോദ്യംചെയ്യാനായി 23ന് ഡൽഹിയിലേക്ക് തിരിക്കും

പ്രതി കൗശൽ ഷാ
കോഴിക്കോട്: ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസിൽ മുഖ്യപ്രതി ഗുജറാത്ത് സ്വദേശി കൗശൽ ഷായെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം കോടതിയാണു പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
പ്രതിയെ ഡൽഹിയിലെ തിഹാര്‍ ജയിലിലേക്കു തന്നെ കൊണ്ടുപോകും. മൂന്ന് ദിവസം ജയിലിലെത്തി ചോദ്യംചെയ്യാൻ പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്. സിറ്റി സൈബർ പൊലീസ് സംഘം ചോദ്യം ചെയ്യാനായി 23ന് ഡൽഹിയിലേക്ക് തിരിക്കും. തിഹാർ ജയിലിലായിരുന്ന പ്രതിയെ ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് ഇന്ന് കേരളത്തിലെത്തിച്ചത്.
കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനിൽനിന്നാണ് ഇയാൾ 40,000 രൂപ തട്ടിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണു സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാൾ പണം തട്ടിയത്. വിഡിയോ കോളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടായിരുന്നു തട്ടിപ്പ്.
കേസിലെ മറ്റു പ്രതികളും നേരത്തെ പിടിയിലായിട്ടുണ്ട്. നഷ്ടമായ തുക പരാതിക്കാരനു തിരിച്ചുലഭിക്കുകയും ചെയ്തു.
Summary: Kozhikode CJM Court remands Kaushal Shah, native of Gujarat, the main accused in the deep fake scam case.
Adjust Story Font
16

