Quantcast

ഷിബിലി ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നത് 15 ദിവസം മുന്‍പ്, മോശം പെരുമാറ്റത്തെ തുടര്‍ന്ന് പറഞ്ഞുവിട്ടു: സഹപ്രവര്‍ത്തകന്‍

ഷിബിലിയെ ജോലിയില്‍ നിന്നും ഒഴിവാക്കിയ വ്യാഴാഴ്ച വൈകുന്നേരമാണ് സിദ്ദീഖിനെ കാണാതായതെന്ന് ഹോട്ടലിലെ ജീവനക്കാരന്‍

MediaOne Logo

Web Desk

  • Published:

    26 May 2023 2:37 AM GMT

ഷിബിലി ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നത് 15 ദിവസം മുന്‍പ്, മോശം പെരുമാറ്റത്തെ തുടര്‍ന്ന് പറഞ്ഞുവിട്ടു: സഹപ്രവര്‍ത്തകന്‍
X

കോഴിക്കോട്: ഹോട്ടലുടമ സിദ്ദീഖിന്‍റെ കൊലപാതക കേസില്‍ പിടിയിലായ ഷിബിലി 15 ദിവസം മുന്‍പാണ് ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സഹപ്രവര്‍ത്തകന്‍ യൂസഫ്. മോശം പെരുമാറ്റവും സ്വഭാവവും കാരണം സിദ്ദീഖ് ഷിബിലിയെ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷിബിലിയുടെ ഇടപാടുകള്‍ തീർത്ത് ഒഴിവാക്കിയത്. അന്ന് വൈകുന്നേരം മുതൽ സിദ്ദീഖിനെ കാണാനില്ലെന്നും യൂസഫ് മീഡിയവണിനോട് പറഞ്ഞു.

"ഒരു 15 ദിവസത്തെ പരിചയമേയുള്ളൂ എനിക്ക് ഷിബിലിയുമായി. സ്വഭാവവും സംസാരവും പെരുമാറ്റവും ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഷിബിലിയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. എന്നിട്ട് രണ്ടുമൂന്നു ദിവസം റൂമിലിരുന്നു. മുതലാളി വീട്ടില്‍ പോയി വ്യാഴാഴ്ച വന്ന ശേഷം ഷിബിലിയുടെ കണക്ക് തീര്‍ത്ത് ഒഴിവാക്കി. ഷിബിലിയുടെ പണം കൊടുത്ത് പറഞ്ഞുവിട്ട ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയതാണ് മുതലാളി. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് മുതലാളി കടയില്‍ നിന്ന് പോയത്. പിന്നീട് തിരിച്ചുവന്നില്ല"- യൂസഫ് പറഞ്ഞു.

ജോലിക്കാരുമായി നല്ല രീതിയില്‍ ഇടപെട്ടിരുന്നയാളാണ് സിദ്ദീഖെന്ന് യൂസഫ് പറഞ്ഞു. നാലു പേരാണ് ഹോട്ടലില്‍ ജോലി ചെയ്യുന്നത്. സിദ്ദീഖ് ഹോട്ടലിന് മുകളിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഷിബിലിക്കൊപ്പം പിടിയിലായ പെണ്‍കുട്ടിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും യൂസഫ് പറഞ്ഞു. പട്ടാമ്പി സ്വദേശിയാണ് ഷിബിലിയെന്നും യൂസഫ് പറഞ്ഞു.

സിദ്ദീഖിനെ കാണാനില്ലെന്ന് മകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് പ്രതികളിലേക്ക് എത്തിയത് എ.ടി.എം ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്. സിദ്ദീഖിന്‍റെ ഫോണ്‍ സ്വിച്ച് ഓഫായ ശേഷവും എ.ടി.എമ്മില്‍ നിന്ന് തുക പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ചാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതികൾ മൃതദേഹം പല കഷ്ണങ്ങളാക്കി ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്താന്‍ ഇന്ന് അട്ടപ്പാടി ചുരത്തില്‍ തെരച്ചില്‍ നടത്തും. എന്തിന് കൊലപാതകം നടത്തി, മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.



TAGS :

Next Story