Quantcast

കോഴിക്കോട് സമാന്തര ആർ.ടി ഓഫീസ്: രേഖകളിൽ ഒപ്പിട്ട രണ്ടുദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു

ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് രേഖകളും ഒന്നര ലക്ഷം രൂപയും വിജിലൻസ് കണ്ടെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    17 Sep 2022 2:27 AM GMT

കോഴിക്കോട് സമാന്തര ആർ.ടി ഓഫീസ്: രേഖകളിൽ ഒപ്പിട്ട രണ്ടുദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു
X

കോഴിക്കോട് ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപം സമാന്തര ആർ.ടി ഓഫീസ് കണ്ടെത്തിയ കേസിൽ രേഖകളിൽ ഒപ്പിട്ട രണ്ടുദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു.145 രേഖകളാണ് ചേവായൂരിലെ റീജിയണൽ ആർടി ഓഫീസിന് സമീപത്തെ കടയിൽ നിന്ന് കണ്ടെത്തിയത്. ജോയിന്റ് ആർടിഒമാർ ഒപ്പിട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവയിൽ ഒപ്പിട്ട ഉദ്യോഗസ്ഥരെയാണ് തിരിച്ചറിഞ്ഞത്. വ്യാജമായി നിർമിച്ച രേഖകളും കടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഒപ്പിട്ട ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്യും.

വാഹനങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കാനുള്ള രേഖകളടക്കമുള്ളവയാണ് വിജിലൻസ് കണ്ടെത്തിയത്. ഈ രേഖകൾ എങ്ങനെ കടയിലെത്തിയെന്നത് വിജിലൻസ് പരിശോധിക്കും. സംഭവത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസും മോട്ടോർ വാഹനവകുപ്പും വിലയിരുത്തുന്നത്. കടയിൽ ആർ.ടി.ഒ ഓഫീസ് രേഖകൾ കണ്ടെത്തിയ സംഭവത്തിൽ ക്രമക്കേടുണ്ടായെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഇന്നലെ പറഞ്ഞിരുന്നു. വിജിലൻസ് പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസിസ്റ്റന്റ് ട്രാൻസ്‌പോർട് കമ്മീഷണർ ആണ് അന്വേഷിക്കുക.

ആർടിഒ ഉദ്യോഗസ്ഥർ ഒപ്പുവെച്ച രേഖകൾ ഓട്ടോ കൺസൾട്ടന്റ് സ്ഥാപനത്തിൽ നിന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. ഒന്നര ലക്ഷം രൂപയും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതെങ്ങനെ സംഭവിച്ചെന്നു അന്വേഷിക്കുമെന്നും ഇത്തരം ഏജൻസികൾക്ക് അനുമതിയില്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പണവും രേഖകളും കണ്ടെടുത്ത ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ പെട്ടിക്കടയുടമ റബിൻ ചന്ദനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. വാഹനങ്ങളുടെ രേഖകൾ ശരിയാക്കി നൽകാനും ലൈസൻസ് സംഘടിപ്പിക്കുന്നതിനുമായി ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥർ സമീപത്ത് കട നടത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരിലൂടെ കൈക്കൂലി കൈപറ്റുകയും ചെയ്യുന്നുവെന്നാണ് ആരോപണം. പരിശോധനയെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് സ്ഥലത്തെത്തി. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടന്നത്.


Kozhikode Parallel RT Office: Two officers who signed the documents have been identified

TAGS :

Next Story