കെപിസിസി പുനഃസംഘടനാ ചർച്ച; അതൃപ്തിയോടെ ഒരു വിഭാഗം എംപിമാർ
ജ്യോതികുമാർ ചാമക്കാല കെപിസിസി ട്രഷററാകുമെന്നാണ് സൂചനകൾ

ന്യൂഡൽഹി: കെപിസിസി പുനഃസംഘടന ചർച്ചകളിൽ അതൃപ്തിയോടെ ഒരുവിഭാഗം എംപിമാർ. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നും ചടുലമായ പ്രവർത്തനമാണ് ഷിയാസ് നടത്തുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.
വരാനിരിക്കുന്നത് ജംബോ കമ്മിറ്റിയാണെന്ന് രമേശ് ചെന്നിത്തല സൂചന നൽകി. ദീപാ ദാസ് മുൻഷി കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജ്യോതികുമാർ ചാമക്കാല കെപിസിസി ട്രഷററാകുമെന്നാണ് സൂചനകൾ.
സണ്ണിജോസഫും വി.ഡി സതീശനും വിമാനമിറങ്ങുന്നതിന് മുമ്പേ അതൃപ്തരായ എംപിമാർ ഡൽഹിയിൽ യോഗം ചേർന്നു. ബെന്നിബഹനാൻ, എം.കെ രാഘവൻ എന്നിവർ കൊടിക്കുന്നിൽ സുരേഷിന്റെ വസതിയിലായിരുന്നു യോഗം. യോഗവും പുനഃസംഘടനയുമായി ബന്ധമില്ലെന്ന് എംപിമാർ പ്രതികരിച്ചു. മാറ്റംവരുത്താൻ പാടില്ലാത്ത ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക മുൻ അധ്യക്ഷൻ നൽകി.
സ്വന്തം ജില്ലയിലെ ഡിസിസി അധ്യക്ഷന്മാരെ നിലനിർത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ ചില എംപിമാർ വാദിച്ചു. എംപിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം പട്ടിക ഹൈക്കമാൻഡിൽ സമർപ്പിക്കും. ഉചിതമായ മാറ്റങ്ങളോടെ അടുത്ത ആഴ്ച ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Adjust Story Font
16

